ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കും; 24 മണിക്കൂറിനുള്ളില്‍ മലക്കംമറിഞ്ഞ് കെ സുരേന്ദ്രന്‍
പത്തനംതിട്ട: ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇ ശ്രീധരനെ പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ തിരുത്തുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെ അവതരിപ്പിക്കണമെന്നത് കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് പ്രചാരണയാത്രയില്‍ സുരേന്ദ്രന്‍ തന്നെയാണ് ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചില്ലെന്നും തന്റെയും ജനങ്ങളുടെയും ആഗ്രഹമാണ് പ്രകടിപ്പിച്ചതെന്നുമാണ് സുരേന്ദ്രന്റെ ഇപ്പോഴത്തെ നിലപാട്.
''ഇ ശ്രീധരനാണ് മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കേണ്ടത് ബിജെപി കേന്ദ്ര ഘടകമാണ്. ഞാന്‍ ജനങ്ങളുടെ ആഗ്രഹമാണ് പ്രകടിപ്പിച്ചത്''- സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവും വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരനും ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്തിരുന്നു.
സ്ഥാനാര്‍ത്ഥിത്വം കേന്ദ്ര ഘടകമാണ് പ്രഖ്യാപിക്കുകയെന്ന് ശ്രീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.