പാലാരിവട്ടം പാലം പൊളിച്ച് പണിയും; ചുമതല ഇ ശ്രീധരന്
പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതര വീഴ്ചകളുണ്ടെന്ന് വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. മേല്‍പ്പാലം അതീവ ഗുരുതരാവസ്ഥയിലാണ്. അറ്റകുറ്റ പണികള്‍ കൊണ്ട് കാര്യമില്ലെന്നും പാലം പൂര്‍ണമായും പുതുക്കി പണിയണമെന്നും വിജിലന്‍സ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: കൊച്ചിയിലെ പാലാരിവട്ടം പാലം പുനര്‍നിര്‍മിക്കാനുള്ള നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മാണ മേല്‍നോട്ടത്തിനായി വിദഗ്ധ ഏജന്‍സിയയെ ചുമതലപ്പെടുത്തി. ഡിസൈന്‍, എസ്റ്റിമേറ്റ് എന്നിങ്ങനെ നിര്‍മാണത്തിന്റെ പൊതുവായ മേല്‍നോട്ടം ഇ ശ്രീധരന്‍ നിര്‍വഹിക്കും. ഒക്ടോബര്‍ ആദ്യവാരം തന്നെ പാലത്തിന്റെ പുനര്‍ നിര്‍മാണം ആരംഭിക്കും. ഒരു വര്‍ഷം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ തന്നെയാണ് പണി നടക്കുക. പാലം പണിയാന്‍ അന്നത്തെ മന്ത്രിമാര്‍ നടത്തിയത് കോടികളുടെ അഴിമതിയെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണത്തില്‍ ഗുരുതര വീഴ്ചകളുണ്ടെന്ന് വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. മേല്‍പ്പാലം അതീവ ഗുരുതരാവസ്ഥയിലാണ്. അറ്റകുറ്റ പണികള്‍ കൊണ്ട് കാര്യമില്ലെന്നും പാലം പൂര്‍ണമായും പുതുക്കി പണിയണമെന്നും വിജിലന്‍സ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നായിരുന്നു മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീം കുഞ്ഞിന്റെ പ്രതികരണം. നിര്‍മാണത്തിലെ ക്രമക്കേട് ഏത് ഏജന്‍സി വേണമെങ്കിലും അന്വേഷിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം മേല്‍പ്പാലം അറ്റകുറ്റപ്പണി സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള നിര്‍ണായകയോഗം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഇ. ശ്രീധരന് പുറമെ ചെന്നൈ ഐഐടിയിലെ വിദഗ്ധരും പങ്കെടുത്തിരുന്നു.
സാങ്കേതികമായും സാമ്പത്തികമായും പുനര്‍നിര്‍മാണമാണ് നല്ലതെന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെന്നൈ ഐഐടി റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തിയത്. തകര്‍ച്ച നേരിട്ട പാലം പുനഃരുദ്ധരിക്കുകയാണെങ്കില്‍ എത്രകാലം നിലനില്‍ക്കുമെന്നു ചെന്നൈ ഐഐടി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. പാലത്തിനു ബലക്ഷയും ഉണ്ടെന്നും പുനഃരുദ്ധാരണമോ, ശക്തിപ്പെടുത്തലോ സ്ഥായിയായ പരിഹാരമല്ലെന്നുമാണ് ഇ.ശ്രീധരന്റെ അഭിപ്രായമെന്നു മുഖ്യമന്ത്രി പറഞ്ഞു.