പ്രവേശന മാര്‍ഗരേഖ പുതുക്കി കേന്ദ്രീയ വിദ്യാലയ; എംപി ക്വാട്ട ഉള്‍പ്പടെയുള്ള പ്രത്യേക സംവരണ സീറ്റുകള്‍ നിര്‍ത്തലാക്കി

കൊവിഡിനെ തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്ക് പ്രവേശനം ലഭ്യമാക്കും

Update: 2022-04-27 04:25 GMT

ന്യൂഡല്‍ഹി:രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ എംപി ക്വാട്ട ഉള്‍പ്പടെയുള്ള പ്രത്യേക സംവരണ സീറ്റുകള്‍ നിര്‍ത്തലാക്കി. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്ക് പ്രവേശനം ലഭ്യമാക്കും. പ്രവേശന മാര്‍ഗരേഖയിലാണ് ഇതു വ്യക്തമാക്കിയത്. ഈ വര്‍ഷത്തെ അഡ്മിഷന് പരിഷ്‌കാരം ബാധകമായിരിക്കും.

കെവിഎസ് സ്‌പെഷ്യല്‍ ഡിസ്‌പെന്‍സേഷന്‍ അഡ്മിഷന്‍ സ്‌കീം അല്ലെങ്കില്‍ എംപി ക്വാട്ട പ്രകാരം, 1 മുതല്‍ 9 വരെ ക്ലാസുകളിലെ പ്രവേശനത്തിനായി ഓരോ അധ്യയന വര്‍ഷത്തിലും അതത് മണ്ഡലങ്ങളില്‍ നിന്ന് പരമാവധി 10 വിദ്യാര്‍ഥികളെ ശുപാര്‍ശ ചെയ്യാന്‍ ഒരു പാര്‍ലമെന്റ് അംഗത്തിന് അധികാരമുണ്ടായിരുന്നു.കെവിഎസ് പുറപ്പെടുവിച്ച പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, പ്രവേശന നയത്തില്‍ നിരവധി ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. എംപി ക്വാട്ട കൂടാതെ,എംപിമാരുടെ മക്കള്‍ കൊച്ചുമക്കള്‍, വിദ്യാഭ്യാസ മന്ത്രാലയത്തിലെ ജീവനക്കാരുടെ 100 കുട്ടികള്‍, വിരമിച്ച കെവി ജീവനക്കാരുടെ മക്കളും ആശ്രിതരായ പേരക്കുട്ടികളും,സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അധ്യക്ഷര്‍ എന്നിവര്‍ക്കുള്ള ക്വാട്ടയും നിര്‍ത്തലാക്കി.

കൊവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് പിഎം കെയേഴ്‌സ് പദ്ധതിയുടെ ഭാഗമായി പ്രവേശനം നല്‍കും. കൂടാതെ സൈനിക മെഡലുകള്‍ ഏറ്റുവാങ്ങിയവരുടെ മക്കള്‍ക്കുള്ള ക്വാട്ട തുടരും. ധീരതയ്ക്കുള്ള ദേശിയ പുരസ്‌കാരം നേടിയവര്‍ക്കും റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് ജീവനക്കാരുടെ മക്കള്‍ക്കും സര്‍വീസിലിരിക്കുമ്പോള്‍ മരിക്കുന്ന കേന്ദ്രജീവനക്കാരുടെ മക്കള്‍ക്കും ഫൈന്‍ ആര്‍ട്‌സ് മികവു പ്രകടിപ്പിച്ച കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും. ജില്ലാ കലക്ടര്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ച് ഒരു കേന്ദ്രീയ വിദ്യാലയത്തില്‍ 10 പേര്‍ക്കു വീതം പ്രവേശനം നല്‍കും.

അടുത്തിടെ സമാപിച്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ മനീഷ് തിവാരിയും ബിജെപിയുടെ സുശീല്‍ മോദിയും ഉള്‍പ്പെടെ നിരവധി എംപിമാര്‍ ക്വാട്ട റദ്ദാക്കണമെന്നും അല്ലെങ്കില്‍ സര്‍ക്കാര്‍ പരിധി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2021-22 വര്‍ഷത്തില്‍, എസ്‌സി 609, എസ്ടി 212, ഒബിസി 1,811,ഇ ഡബഌു എസ്‌ 55 എന്നിവയുള്‍പ്പെടേ 7,301 വിദ്യാര്‍ഥികള്‍ ഇന്ത്യയിലെ 1,248 കേന്ദ്രീയ വിദ്യാലയകളില്‍ എംപി ക്വാട്ടയിലൂടെ പ്രവേശനം നേടിയിട്ടുണ്ട്.

Tags:    

Similar News