ചെഗുവേരയുടെ ചിത്രം പച്ചകുത്തിയും എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത്; സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം

'കളളക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള യുവാക്കള്‍ ഇടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കുറച്ച് കാലമെങ്കിലും പ്രവര്‍ത്തിച്ചിരുന്നു എന്നത് ഞെട്ടലുണ്ടാക്കുന്നതാണ്

Update: 2021-07-09 04:48 GMT
ചെഗുവേരയുടെ ചിത്രം പച്ചകുത്തിയും എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടത്; സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം
കോഴിക്കോട്: സിപഎമ്മിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനവുമായി സിപിഐ മുഖപത്രം ജനയുഗം. രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന ആരോപണങ്ങളുടെ സാഹചര്യത്തിലാണ് സിപിഐ മുഖപത്രം വിമര്‍ശനമുന്നയിക്കുന്നത്. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാര്‍ ആണ് ലേഖനമെഴുതിയത്.


'കളളക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ള യുവാക്കള്‍ ഇടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കുറച്ച് കാലമെങ്കിലും പ്രവര്‍ത്തിച്ചിരുന്നു എന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. ഏതു വഴിയിലൂടെയും പണം ഉണ്ടാക്കാനും ആഡംബരജീവിതം നയിക്കാനും സോഷ്യല്‍മീഡിയയില്‍ ആരാധകരെ ഉണ്ടാക്കാനും സ്വന്തം പാര്‍ട്ടിയെ അതിസമര്‍ത്ഥമായി ഇവര്‍ ഉപയോഗപ്പെടുത്തി. മാഫിയാപ്രവര്‍ത്തനങ്ങളെ തള്ളിപ്പറഞ്ഞ നേതാക്കളെ വെല്ലുവിളിക്കാനും അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. സോഷ്യല്‍ മാധ്യമങ്ങളില്‍ ഇവരുടെ അഭിപ്രായങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനയും പിന്തുണയും അമ്പരപ്പിക്കുന്നതാണ്. ഈ പ്രവണത ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും ഭാവിക്ക് അപകടമുണ്ടാക്കുന്നതാണ്.' ജനയുഗം ലേഖനത്തില്‍ പറയുന്നു.


ചെഗുവേരയുടെ ചിത്രം കൈയ്യിലും നെഞ്ചിലും പച്ചകുത്തിയും ചെങ്കൊടി പിടിച്ചു സെല്‍ഫി എടുത്തും രാഷ്ട്രീയ എതിരാളികളെ വെട്ടിനുറുക്കിയും അല്ല കമ്മ്യുണിസ്റ്റ് ആകേണ്ടതെന്ന ശക്തമായ വിമര്‍ശനവും ലേഖനത്തിലുണ്ട്. കൊലപാതകവും ക്വട്ടേഷന്‍ പ്രവര്‍ത്തനവും നടത്തിയല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നത്. ഇപ്പോഴത്തെ പ്രവണതകളെ ഫംഗസ് ആയി കണ്ട് ചികിത്സക്കണം. രാമനാട്ടുകര ക്വട്ടേഷന്‍ കേസില്‍ പ്രതികളായി ആരോപിക്കപ്പെടുന്ന പ്രതികളില്‍ ചിലര്‍ നിയോലിബറല്‍ കാലത്തെ ഇടത് സംഘടനാ പ്രവര്‍ത്തകരാണെന്നും സിപിഐ മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു.


ഇടതുപക്ഷ നൈതികമൂല്യങ്ങളെ വെല്ലുവിളിക്കുന്ന ചില രീതികള്‍ ഇടതുപാര്‍ട്ടികളില്‍ അടക്കം വളര്‍ന്നുവരുന്നു എന്നത് ഗൗരവത്തോടെ കാണണം. ആശയങ്ങളുടെയും മാനവികതയിലും നിലയുറപ്പിച്ചാണ് കേരളത്തില്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വളര്‍ന്നത്. ക്രിമിനല്‍പ്രവര്‍ത്തനവും കൊലപാതകവും ക്വട്ടേഷനും പൊട്ടിക്കലും നടത്തിയല്ല. അതുകൊണ്ട് തന്നെ ഈയൊരു പ്രവണത ഒരു ഫംഗസ് ആയി കണക്കാക്കിക്കൊണ്ടുള്ള ചികിത്സയാണ് ആവശ്യമെന്നും ലേഖനം വ്യക്തമാക്കുന്നുണ്ട്.




Tags:    

Similar News