പ്രവാചകന്റെ പാത പിന്തുടര്‍ന്ന് പണ്ഡിതര്‍ സമൂഹ സമുദ്ധാരണത്തിന് തയ്യാറാവണമെന്ന് ചേലക്കുളം അബുല്‍ ബുഷ്‌റ മൗലവി
തിരുവനന്തപുരം: പ്രവാചകന്റെ പാത പിന്തുടര്‍ന്ന് സമൂഹ സമുദ്ധാരണത്തിനായി പണ്ഡിതര്‍ തയ്യാറാകണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് ചേലക്കുളം അബുല്‍ ബുഷ്‌റ കെ എച്ച് മുഹമ്മദ് മൗലവി. പൂന്തുറ ജാമിഅ ഹിദായത്തുല്‍ ഇസ്‌ലാം അറബിക് കോളേജ് സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായം പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ക്ക് ആത്മ ധൈര്യം പകര്‍ന്ന് നല്‍കാന്‍ പ്രവാചകന്‍മാരുടെ അനന്തരാവകാശികളായ പണ്ഡിതര്‍ തയ്യാറാകണം. അതിനായി കര്‍മ്മ രംഗത്തേക്ക് ഉറച്ച കാല്‍വെപ്പോടുകൂടി ഇറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പതിമൂന്ന് ആലിമീങ്ങള്‍ അല്‍ ഹാദി ബിരുദവും ഏഴ് ഹാഫിളീങ്ങള്‍ ഹിഫ്‌ളിന്റെ സനദും ഏറ്റുവാങ്ങി. സനദ് വാങ്ങിയവരെ അല്‍ ഹാദി അസോസിയേഷന്‍ പ്രത്യേക അനുമോദനം നല്‍കി ആദരിച്ചു.
ജാമിഅ ഹിദായത്തുല്‍ ഇസ്‌ലാമില്‍ അരനൂറ്റാണ്ട് കാലം നേതൃത്വം കൊടുത്ത ശൈഖുനാ പി.കെ കോയാ മൗലാന പൂന്തുറ മഹല്ലിന്റെയും ജനങ്ങളുടെയും അഭിവൃദിക്ക് വേണ്ടി നല്കിയ സംഭാവനകള്‍ പ്രാസംഗികര്‍ അനുസ്മരിച്ചു.
ജാമിഅ പ്രിന്‍സിപ്പല്‍ കെ.കെ. സുലൈമാന്‍ മൗലവി ബാഖവി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ എസ്.അര്‍ഷദ് ഖാസിമി,സെയ്ദ് മുസ്തഫ ഹസ്രത്ത്, മാഹീന്‍ ഹസ്രത്ത്, ജാമിഅ സെക്രട്ടറി കെ.എം സ്വാലിഹ് ഹാജി, പൂന്തുറ പുത്തന്‍പള്ളി മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി വൈ.എം താജുദ്ദീന്‍, അല്‍ ഹാദി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി,ജനറല്‍ സെക്രട്ടറി കെ. കെ. സൈനുദ്ദീന്‍ ബാഖവി, ആബിദ് മൗലവി അല്‍ ഹാദി, പാനിപ്ര ഇബ്രാഹിം ബാഖവി, അബൂ റബീഅ് സ്വദഖത്തുല്ലാഹ് ബാഖവി, അഡ്വ: അബ്ദുസ്സലാം, പാച്ചല്ലൂര്‍ ഇസ്മാഈല്‍ മൗലവി, അബൂ റയ്യാന്‍ ദാക്കിര്‍ ഹുസൈന്‍ കൗസരി തുടങ്ങിയവര്‍ പങ്കെടുത്തു.