കൊവിഡ് കാലം നല്‍കിയ പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും മറികടക്കാന്‍ പല രീതികളാണ് രാജ്യങ്ങള്‍ അനുവര്‍ത്തിക്കുന്നത്. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് അത്തരം പദ്ധതികളൊന്നുമില്ലെങ്കിലും നമ്മുടെ അയല്‍രാജ്യമായ ചൈന സ്വന്തം ചരിത്രത്തെ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടി പുതിയൊരു ടൂറിസം പദ്ധതിക്ക് തുടക്കമിടുകയാണ്- അതില്‍ പ്രധാനമാണ് റെഡ് ടൂറിസം അഥവാ ചുവപ്പ് ടൂറിസം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ പദ്ധതി തുടങ്ങിയിട്ടുള്ളതെന്നതാണ് മറ്റൊരു പ്രത്യേകത. ഇതിനെതിരേ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.
1921ലാണ് ചൈനയില്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊള്ളുന്നത്. 2021ആകുമ്പോള്‍ നൂറ് വര്‍ഷം പൂര്‍ത്തിയാവും. ഈ സമയത്ത് ചൈനയുടെ ചരിത്രപ്രധാനമായ സ്ഥലങ്ങളും സന്ദര്‍ഭങ്ങളും ജനങ്ങളുടെ ഹൃദയത്തിലേക്കും അനുഭവങ്ങളിലേക്കും എത്തിച്ച് സ്വന്തം പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും ചരിത്രത്തിലൂടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുക കൂടിയാണ് ലക്ഷ്യം. കൂടാതെ ഇന്നത്തെ ചൈന കെട്ടിപ്പടുക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അനുഷ്ടിച്ച ത്യാഗം, സഹനം എന്നിവ ജനഹൃദയങ്ങളിലെത്തിക്കുകയും ഉദ്ദേശ്യത്തില്‍ പെടുന്നു. ചൈനീസ് പ്രസിഡന്റ് സൈ ജിന്‍പിങ് പറയുന്നത് ചുവപ്പ് ടൂറിസം ചുവപ്പിലേക്കുള്ള ജ്ഞാനസ്‌നാനമാണെന്നാണ്. ത്യാഗഭരിതമായ വിപ്ലവകാലം അനുഭവിപ്പിക്കുകയും അത് പഠിപ്പിക്കുകയുമാണ് അതിനുള്ള മാര്‍ഗമെന്നും അദ്ദേഹം പറയുന്നു.
1921ല്‍ ബോട്ടുകളില്‍ ചേര്‍ന്ന ആദ്യ പാര്‍ട്ടികോണ്‍ഗ്രസ്സിനു വേദിയായ കിഴക്കന്‍ ചൈനയിലെ സെന്‍ജിയാങിലെ നാന്‍ഹു തടാകമാണ് മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. മാവോ സേതുങ്ങിന്റെ ജന്മസ്ഥമായ ഷാവോന്‍ ഇപ്പോള്‍ തന്നെ വലിയ ജനത്തിരക്കുള്ള ടൂറിസ്റ്റ് പോയിന്റാണ്. കൊവിഡ് കാലത്തുപോലും വലിയ സന്ദര്‍ശകപ്രവാഹമാണ് ഇവിടെയുണ്ടായത്.
ചൈനയുടെ വിപ്ലവകാലത്തെ ജനങ്ങളുടെ ഹൃദയത്തിലേക്കെത്തിക്കുയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2004 മുതല്‍ ഈ പദ്ധതി നിലവിലുണ്ടെങ്കിലും ഇപ്പോഴാണ് അനക്കം വയ്ക്കുന്നത്. ഇത് പ്രാദേശിക വ്യവസായത്തെ സജീവമാക്കുമെന്ന് കരുതുന്നു.
ലോങ് മാര്‍ച്ച് നടന്ന പ്രദേശങ്ങള്‍, 1934ലെ കുമിന്‍താങുമായ യുദ്ധത്തില്‍ പിഎല്‍എ പിന്‍വാങ്ങിയ പ്രദേശങ്ങള്‍, വിപ്ലവകേന്ദ്രമായിരുന്ന യെനാന്‍, 1927ലെ വിപ്ലവകാലത്ത് പ്രധാന നേതാക്കള്‍ പ്രവര്‍ത്തിച്ചിരുന്ന ജിങ്ഗാന്‍ഷാന്‍ പ്രദേശങ്ങള്‍, ജിയാന്‍ക്‌സി പ്രവിശ്യയുടെ തലസ്ഥാനമായ നാഞ്ചാങ്- തുടങ്ങി നിരവധി പ്രദേശങ്ങള്‍ സന്ദര്‍ശിക്കാം.
ചില സംഭവങ്ങളുടെ പിനരാവിഷ്‌കാരം, എക്‌സിബിഷന്‍, പരമ്പരാകത വേഷവിധാനത്തോടെ സത്യവാചകം ചൊല്ലി പാര്‍ട്ടി അംഗമാകുന്ന പദ്ധതി, കുട്ടികള്‍ക്കുള്ള പ്രഭാഷണങ്ങള്‍, വേഷവിധാനത്തോടെയുള്ള പിഎല്‍ഒ അംഗങ്ങളുമായി ഫോട്ടോ സെഷന്‍, പ്രദര്‍ശനശാലകള്‍ ഇതൊക്കെയുണ്ട്.
2016ല്‍ ഇതിന്റെ മുന്നോടിയായി ഒരു ട്രാവല്‍ ടൂറിസം പദ്ധതിക്ക് ചൈന രൂപം കൊടുത്തിരുന്നു. സഞ്ചരിക്കുന്ന പ്രദര്‍ശനശാലകള്‍ അന്ന് ചൈനയിലെ എല്ലാ സ്‌കൂളുകളും കോളജുകളും സന്ദര്‍ശിച്ചു.
റെഡ് ടൂറിസം ചൈനീസ് യുവജനങ്ങളെ വന്‍തോതില്‍ ആകര്‍ഷിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട്. അത് സമ്പദ്ഘടനയെ പ്രത്യേകിച്ച് പ്രാദേശിക വിപണിയെ ഉത്തേജിപ്പിക്കുമെന്നും കരുതുന്നു.
പുറത്തുവന്ന കണക്കനുസരിച്ച് 21-30 പ്രായക്കാരാണ് സന്ദര്‍ശകരില്‍ 40 ശതമാനവും. ഈ പദ്ധതിയ്ക്കു വേണ്ടി ചൈനീസ് സര്‍ക്കാര്‍ 370 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചുകഴിഞ്ഞു. 2018 ല്‍ ആഭ്യന്തര ടൂറിസത്തിന്റെ 10 ശതമാനവും ഈ പദ്ധതിയില്‍ നിന്നായിരുന്നു.
ഈ പ്രദേശങ്ങളിലെ സന്ദര്‍ശകരുടെ എണ്ണം കാലങ്ങളായി വര്‍ധിക്കുകയാണ്. 2016 ല്‍ യുനാന്‍ സന്ദര്‍ശിച്ചവരുടെ എണ്ണം 40.25 ദശലക്ഷമായിരുന്നെങ്കില്‍ 2019ല്‍ അത് 73.08 ദശലക്ഷമായിരുന്നു. 2019ല്‍ 140 കോടി പേരാണ് ചൈനയില്‍ 2019ല്‍ സന്ദര്‍ശനത്തിനെത്തിയത്.
2020ല്‍ ആഭ്യന്തര ടൂറിസ്റ്റുകളില്‍ 100 ദശലക്ഷം പേര്‍ റെഡ് ടൂറിസ്റ്റുകളായിരുന്നു. ആഭ്യന്തര യാത്രയുടെ 11 ശതമാവും ഈ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു.
അതേസമയം ചുവപ്പ് ടൂറിസം കഥയുടെ ഒരു ഭാഗം മാത്രമാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തെറ്റുകള്‍ മറച്ചുവയ്ക്കുന്നു. പാര്‍ട്ടി താല്‍പര്യപ്രകാരമുള്ള ചരിത്രം മാത്രമാണ് പുറത്തുവിടുന്നത്. ഉദാഹരണത്തിന് ബീജിംഗിലെ ജാപ്പനീസ് ആക്രമണത്തിനെതിരായ ചൈനീസ് ജനതയുടെ ചെറുത്തുനില്‍പ്പിന്റെ മ്യൂസിയം 1930 കളിലും 40 കളിലും ചൈന-ജാപ്പനീസ് യുദ്ധത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ ത്യാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു. രാജ്യത്തെ വിജയത്തിലേക്ക് നയിച്ച ഏക സംഘടയാണ് അതെന്ന് വാദിക്കുന്നു. 1928 മുതല്‍ 1949 വരെ രാജ്യത്ത് ഭരണകക്ഷിയായിരുന്ന കുമിന്റാങ് ജാപ്പനീസ് ആക്രമണത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയിട്ടില്ലെന്ന ധാരണയാണ് മ്യൂസിയം നല്‍കുന്നത്. ഇത് ശരിയല്ലെന്നാണ് പുതിയ കാലത്തെ ഗവേഷകര്‍ പറയുന്നത്.
അവതരിപ്പിക്കുന്നവയില്‍ പലരും പാതി സത്യങ്ങളാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്ലാതിരുന്നാല്‍ ചരിത്രമേയുണ്ടാവില്ലെന്നാണ് പറയാന്‍ ശ്രമിക്കുന്നതെന്നാണ് ഈ രംഗത്തെ ഒരു വിദഗ്ധന്‍ പറയുന്നത്.
കമ്മ്യൂണിസ്റ്റ് ചരിത്രസ്മാരകങ്ങളെ വിശുദ്ധസ്മാരകയാണ് ടൂറിസം പദ്ധതി കണക്കാക്കുന്നത്. ഇതും വിമര്‍ശനവിധേയമാകുന്നുണ്ട്.