ചൈനീസ് വെല്ലുവിളി: ക്വാഡ് യോഗം ഈ വര്‍ഷം അവസാനം നടത്താനൊരുങ്ങി വിദേശകാര്യ മന്ത്രാലയം

Update: 2020-09-04 05:18 GMT

ന്യൂഡല്‍ഹി: ഏഷ്യാ പെസഫിക്കില്‍ ചൈനാ, പാകിസ്താന്‍ കൂട്ടു മുന്നണിക്കെതിരേ തന്ത്രങ്ങള്‍ നീക്കാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. നാലു രാഷ്ട്രങ്ങളുടെ കൂട്ടുമുന്നണിയായ ക്വാഡ് ഈ വര്‍ഷം തന്നെ വിളിച്ചചേര്‍ത്ത് ചൈനീസ്, പാക് വെല്ലുവിളി പരിഹരിക്കാന്‍ ശ്രമിക്കുകയെന്നതാണ് ഇന്ത്യയുടെ തന്ത്രം. അതിന്റെ ഭാഗമായാണ് പെട്ടെന്നു തന്നെ ക്വാഡ് വിളിച്ചുചേര്‍ക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

ഇന്ത്യാ പെസഫിക്കില്‍ കടലിലും കരയിലും ആകാശത്തുമുള്ള വെല്ലുവിളി നേരിടുകയെന്ന ഉദ്ദേശ്യത്തോടെ രൂപം കൊടുത്ത ക്വാഡ്, ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗില്‍ ഇന്ത്യയെ കൂടാതെ യുഎസ്, ആസ്‌ത്രേലിയ, ജപ്പാന്‍ എന്നിവര്‍ അംഗങ്ങളാണ്. തെക്കന്‍ ചൈനാ ഉള്‍ക്കടലില്‍ ചൈനീസ് ആധിപത്യം ഇല്ലാതാക്കി രാജ്യത്തെ ഒരു ഉല്പാദന കേന്ദ്രമായി മാറ്റുകയെന്നാണ് ഇന്ത്യന്‍ താല്‍പ്പര്യം. അതിനാവശ്യമായ സഹായങ്ങള്‍ നല്‍കാമെന്ന് ക്വാഡിലെ അംഗരാജ്യങ്ങള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

ചൈനീസ് ആധിപത്യം തങ്ങളുടെ അധികാരത്തിന് വിനാശകരമാണെന്ന് അമേരിക്കയും കരുതുന്നുണ്ട്. വുഹാനില്‍ നിന്ന് പുറപ്പെട്ട വൈറസാണ് ലോകത്ത് നാശം വിതച്ചതെന്ന് ആരോപിച്ച് അമേരിക്ക വലിയ പ്രചാരണം അഴിച്ചുവിട്ടിരുന്നു. ചൈനീസ് വൈറസ് എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് കൊറോണ വൈറസിനെ വിശേഷിപ്പിച്ചത്. 

Tags:    

Similar News