ക്രൈസ്തവ വിദ്വേഷവും പിസി ജോര്‍ജും തുണച്ചില്ല; ബിജെപിക്ക് ഉള്ള വോട്ടും കുറഞ്ഞു!

Update: 2022-06-03 11:15 GMT

കൊച്ചി: ബിജെപി തൃക്കാക്കരയില്‍ നേരിട്ടത് നാണംകെട്ട തിരിച്ചടി. പി സി ജോര്‍ജിനെയും ക്രിസ്ത്യന്‍ വിദ്വേഷ ഗ്രൂപ്പുകളെയും ഇറക്കിയിട്ടും കഴിഞ്ഞ തവണത്തെ വോട്ടു പോലും ബിജെപിക്ക് നേടാനായില്ല. സംസ്ഥാന നേതാവിനെത്തന്നെ സ്ഥാനാര്‍ഥിയാക്കിയിട്ടും 2011ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വോട്ട് ശതമാനമാണ് ഇത്തവണ ബിജെപിക്ക് തൃക്കാക്കരയില്‍ കിട്ടിയത്. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ പതിനഞ്ച് ശതമാനത്തോളം വോട്ട് നേടിയ എന്‍ഡിഎയുടെ വോട്ട് ശതമാനം ഇത്തവണ പത്ത് ശതമാനത്തിലും താഴെയാണ്. എ എന്‍ രാധാകൃഷ്ണന് 12,955 വോട്ടുകളാണ് കിട്ടിയത്. അതായത് 9.57% വോട്ടുകള്‍ മാത്രം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ 2014ല്‍ പന്ത്രണ്ട് ശതമാനത്തോളം വോട്ട് നേടിയ ഒരു ചരിത്രം കൂടിവച്ചാണ് മുതിര്‍ന്ന നേതാവ് കൂടിയായ എ എന്‍ രാധാകൃഷ്ണനെ ബിജെപി രംഗത്തിറക്കിയത്. ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമാവുമെന്ന് ഉറപ്പായിരുന്ന മണ്ഡലത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് ഭിന്നിപ്പിച്ച് കിട്ടാനുള്ള പരമാവധി ശ്രമം ബിജെപി നടത്തിയിരുന്നു. സീറോ മലബാര്‍ സഭ നേതൃത്വത്തെ നേരിട്ട് പോയിക്കണ്ട്, വോട്ടുറപ്പിക്കാന്‍ സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനടക്കം ബിജെപിയുടെ സംസ്ഥാനനേതൃത്വം ഇറക്കി. ഗവര്‍ണ്ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയും പരമാവധി പ്രയത്‌നിച്ചു.

ക്രിസ്ത്യന്‍ വോട്ട് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ഈ ഉപതിരഞ്ഞെടുപ്പിലുടനീളം ബിജെപി നടത്തിയത്. കാസ എന്ന ക്രിസ്ത്യന്‍ തീവ്രവാദ സംഘടനയും ക്രിസ്ത്യന്‍ കൗണ്‍സിലും നേരിട്ട് ബിജെപിക്കു വേണ്ടി രംഗത്തിറങ്ങി.

കെസിബിസി അനൗദ്യോഗിക മാധ്യമവക്താവും കടുത്ത മുസ് ലിംവിരോധിയുമായ കെന്നഡി കരിമ്പിന്‍ കാലയടക്കമുള്ളവര്‍ സിപിഎം സ്ഥാനാര്‍ഥിയുടെ വിജയത്തിന് പരിശ്രമിച്ചപ്പോഴും തീവ്ര ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ ബിജെപിക്കു വേണ്ടി പ്രവര്‍ത്തിച്ചു.

പി സി ജോര്‍ജിന്റെ വിദ്വേഷപ്രസംഗത്തിന് ശേഷമുണ്ടായ അറസ്റ്റ് തന്നെയാണ് ബിജെപി പ്രധാന പ്രചാരണ വിഷയമാക്കിയത്. പൂഞ്ഞാറില്‍ തോറ്റശേഷം തീവ്ര സംഘപരിവാര്‍ നിലപാടുകള്‍ സ്വീകരിക്കുന്ന പി സി ജോര്‍ജ് കടുത്ത മുസ് ലിം വിരുദ്ധപ്രസംഗം നടത്തിയതും ജയിലില്‍പ്പോയതുമായിരുന്നു ബിജെപി മുന്നോട്ട് വച്ച പ്രധാനപ്രചാരണ വിഷയം. അറസ്റ്റിലായി പുറത്ത് വന്ന ശേഷം സ്ഥാനാര്‍ഥി രാധാകൃഷ്ണനൊപ്പം മണ്ഡലത്തിലുടനീളം പി സി ജോര്‍ജ് എന്‍ഡിഎയ്ക്ക് വേണ്ടി പ്രചാരണം നടത്തി.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തൃക്കാക്കരയില്‍ വോട്ട് ശതമാനം വര്‍ധിപ്പിച്ചിരുന്നു. 2016 നിയമസഭാ തിരഞ്ഞെടുപ്പിലെ വെറും അഞ്ച് ശതമാനത്തില്‍ നിന്ന് പത്ത് ശതമാനത്തോളം വോട്ട് കൂടുതല്‍ നേടി 15 ശതമാനം വോട്ട് എന്‍ഡിഎ നേടി. എന്നാല്‍, 2016ല്‍ എന്‍ഡിഎ വോട്ട്‌വിഹിതം 11 ശതമാനമായി കുറഞ്ഞു.

ഒ രാജഗോപാലിനുശേഷം നിയമസഭയിലേക്ക് ബിജെപി എംഎല്‍എയായി പോകുന്ന സ്ഥാനാര്‍ത്ഥി താനായിരിക്കുമെന്നാണ് പോളിംഗ് ദിനത്തില്‍ എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. എറണാകുളം മണ്ഡലത്തിലെ വോട്ടറാണ് എ എന്‍ രാധാകൃഷ്ണന്‍.

പി സി ജോര്‍ജ് വിഷയം അന്ന് രാവിലെയും സ്ഥാനാര്‍ത്ഥി ഉന്നയിച്ചു. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ ഭീതിയാണ് ഇത്തവണ തൃക്കാക്കരയിലെ വോട്ടര്‍മാരുടെ മനസ്സിലെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ ആ പ്രചാരണങ്ങളെയെല്ലാം തൃക്കാക്കരയിലെ വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു. പിസി ജോര്‍ജിനെ തോളിലേറ്റിയതു വഴി ബിജെപിയുടെ പരമ്പരാഗത നായര്‍, ഈഴവ വോട്ടുകള്‍ യുഡിഎഫിന് പോയെന്ന സൂചനകളാണ് പുറത്തുവരുന്നത്. തൃക്കാക്കരയില്‍ ആര് ജയിച്ചാലും അവര്‍ക്ക് കുറഞ്ഞ ഭൂരിപക്ഷമായിരിക്കുമെന്ന് പറഞ്ഞ ബിജെപിയുടെ പ്രവചനവും തെറ്റി. ഇടത്-വലത് മുന്നണികളുടെ വോട്ട് വിഹിതം പിടിച്ചെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞതേയില്ല.

എന്‍ഡിഎ വോട്ട് വിഹിതം പത്ത് ശതമാനത്തിലും താഴെ പോകുമ്പോള്‍ എന്താണ് ഈ തകര്‍ച്ചയുടെ കാരണമെന്നത് ബിജെപിക്ക് തല പുകഞ്ഞ് ആലോചിക്കുകയാണ്. പിസി ജോര്‍ജ് അപകടം ചെയ്തു എന്നാണ് പ്രാദേശിക നേതാക്കളുടെ വിലയിരുത്തല്‍.

Tags:    

Similar News