ക്രിസ്ത്യന്‍ യുവതിയുടെ മതം മാറ്റം; സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ ഹൈക്കോടതിയുടെ അനുമതി

Update: 2021-07-07 07:52 GMT

കൊച്ചി: ഇസ്‌ലാം മതം സ്വീകരിച്ച ക്രിസ്ത്യന്‍ യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നതിന് കേരള ഹൈക്കോടതിയുടെ അനുമതി. കോഴിക്കോട് യുനിവേഴ്‌സിറ്റിക്കടുത്തുള്ള നീരോല്‍പ്പാലത്തെ ഷിനി എന്ന ഷാനിബക്കും മകനുമാണ് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നതിന് ഹൈക്കോടതി അനുമതി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവ് എന്നവകാശപ്പെട്ട് നീരോല്‍പ്പാലം സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗമായിരുന്ന പി ടി ഗില്‍ബര്‍ട്ട് നല്‍കിയ ഹരജിയിലാണ് വിധി. ഷാനിബയുടെ സഹോദരിയുടെ ഭര്‍ത്താവാണ് ഗില്‍ബര്‍ട്ട്.



ഭാര്യയെയും മകനെയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയെന്നായിരുന്നു ഗില്‍ബര്‍ട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നത്. കോഴിക്കോട് തര്‍ബിയത്തുല്‍ ഇസ്‌ലാം സംഘത്തില്‍ മതപഠനത്തില്‍ ഏര്‍പ്പെട്ട ഇരുവരെയും ഒരാഴ്ചക്കകം കോടതിയില്‍ ഹാജരാക്കാനും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് ഇരുവരും കോടതിയില്‍ ഹാജരായപ്പോഴാണ് ഷാനിബ മതപഠനം തുടരാനുള്ള തീരുമാനം അറിയിച്ചത്. മാതാവിനൊപ്പം പോകാനാണ് താല്‍പര്യമെന്ന് മകനും വ്യക്തമാക്കി.


രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ഗില്‍ബര്‍ട്ടിനും മറ്റു ബന്ധുക്കള്‍ക്കും യുവതിയോട് സംസാരിക്കാന്‍ കോടതി അനുമതി നല്‍കി. ഇതിനു ശേഷം വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് ഷാനിബക്കും മകനും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ കോടതി അനുമതി നല്‍കിയത്.




Tags:    

Similar News