മാധ്യമപ്രവര്‍ത്തകനെ സിഐ മര്‍ദ്ദിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍
മലപ്പുറം: മാധ്യമം ദിനപത്രത്തിന്റെ ലേഖകനും മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയുമായ കെ പി എം റിയാസിനെ മര്‍ദ്ദിച്ച തിരുര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി പി ഫര്‍ഷാദിനെതിരേ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മലപ്പുറം ജില്ലാ പോലീസ് മേധാവി സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി 14 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.
കെ പി എം റിയാസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. സംഭവത്തില്‍ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ ജൂലൈ 8ന് പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പുറത്തൂര്‍ പുതുപള്ളിയിലെ കടയില്‍ നില്‍ക്കുമ്പോഴാണ് തനിക്ക് മര്‍ദ്ദനമേറ്റതെന്ന് പരാതിക്കാരന്‍ അറിയിച്ചു. ഇടതുകാലിലും ഇരുതോളിലും കൈയിലും കാലിലും ലാത്തി ഉപയോഗിച്ച് ശക്തിയായി മര്‍ദ്ദിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ആണെന്ന് പറഞ്ഞപ്പോള്‍ കേട്ടാല്‍ അറയ്ക്കുന്ന തെറിവിളിച്ചതായും പരിക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതായും പരാതിയില്‍ പറയുന്നു.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സാധനങ്ങള്‍ വാങ്ങാനെത്തിയ തന്നെ അകാരണമായി മര്‍ദ്ദിച്ച സി ഐ, ടി പി ഫര്‍ഷാദിനെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെടുന്നുണ്ട്.