കൊച്ചി: മലയാള സിനിമയിലെ യുവനിര ഛായാഗ്രാഹകന്‍ പപ്പു (സുധീഷ് പപ്പു- 44) അന്തരിച്ചു. ഏറെക്കാലമായി രോഗബാധിതനായി എറണാകുളത്ത് ചികില്‍സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാത്രി 12ന് വീട്ടുവളപ്പില്‍. മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ചാന്ദ്‌നി ബാറിന്റെ അസിസ്റ്റന്റ് സിനിമാറ്റോഗ്രാഫറായി സിനിമയില്‍ പ്രവര്‍ത്തനം തുടങ്ങി. രാജീവ് രവിയുടെ അസോസിയേറ്റ് സിനിമാറ്റോഗ്രാഫറായി പ്രവര്‍ത്തിച്ച പപ്പു ഹിന്ദിയിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
ചാന്ദ്‌നി ബാറിനുശേഷം ടി കെ രാജീവ് കുമാറിന്റെ ശേഷം, അനുരാഗ് കശ്യപിന്റെ ട്രെന്‍ഡ് സെറ്റര്‍ ചിത്രം ദേവ് ഡി എന്നിവയുടെയും അസിസ്റ്റന്റ് സിനിമാറ്റോഗ്രാഫറായിരുന്നു പപ്പു. ചീഫ് അസോസിയേറ്റായി രഞ്ജിത്തിന്റെ ബ്ലാക്കിലും ലാല്‍ജോസിന്റെ ക്ലാസ്‌മേറ്റ്‌സിലും പ്രവര്‍ത്തിച്ചു. ദുല്‍ഖര്‍ സല്‍മാന്റെ സെക്കന്‍ഡ് ഷോയിലൂടെയാണ് അദ്ദേഹം മലയാളത്തില്‍ സ്വതന്ത്രഛായാഗ്രാഹകനായത്. രഞ്ജന്‍ പ്രമോദിന്റെ റോസ് ഗിറ്റാറിനാല്‍, രാജീവ് രവിയുടെ സ്റ്റീവ് ലോപ്പസ്, ശ്രീനാഥ് രാജേന്ദ്രന്റെ കൂതറ, സജിന്‍ ബാബുവിന്റെ അയാള്‍ ശശി, ബി അജിത്ത് കുമാറിന്റെ ഈട തുടങ്ങിയ ചിത്രങ്ങള്‍ക്കായും പപ്പു കാമറ ചലിപ്പിച്ചിട്ടുണ്ട്. അപ്പന്‍ ആണ് അദ്ദേഹം അവസാനമായി പ്രവര്‍ത്തിച്ച മലയാള സിനിമ.