പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു അന്തരിച്ചു
പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ഛായാഗ്രഹണം പഠിച്ചിറങ്ങിയ രാമചന്ദ്രബാബു പുനെയിലെ സഹപാഠിയായിരുന്ന ജോണ്‍ അബ്രഹാമിന്റെ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. വിദ്യാര്‍ഥികളെ ഇതിലെ ഇതിലെയായിരുന്നു ആദ്യചിത്രം.
കോഴിക്കോട്: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാമചന്ദ്ര ബാബു (72) അന്തരിച്ചു. ഹൃദ്രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട്ട് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലൊക്കേഷന്‍ പരിശോധിക്കാനെത്തിയതായിരുന്നു. കുഴഞ്ഞുവീണ രാമചന്ദ്രബാബുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത സിനിമയായ പ്രഫസര്‍ ഡിങ്കന്റെ ചിത്രീകരണം ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ദിലീപിന്റെ ജയില്‍വാസം കാരണം മുടങ്ങിക്കിടക്കുകയായിരുന്നു ചിത്രം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് ഛായാഗ്രഹണം പഠിച്ചിറങ്ങിയ രാമചന്ദ്രബാബു പുനെയിലെ സഹപാഠിയായിരുന്ന ജോണ്‍ അബ്രഹാമിന്റെ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. വിദ്യാര്‍ഥികളെ ഇതിലെ ഇതിലെയായിരുന്നു ആദ്യചിത്രം.
എം ടി യുടെ നിര്‍മാല്യം, ബന്ധനം, കെ ടി മുഹമ്മദിന്റെ സൃഷ്ടി, കെ ജി ജോര്‍ജിന്റെ സ്വപ്‌നാടനം, മേള, കോലങ്ങള്‍, രാമു കാര്യാട്ടിന്റെ ദ്വീപ്, കെ എസ് സേതുമാധവന്റെ അമ്മെ അനുപമെ, ഐ വി ശശിയുടെ ഇതാ ഇവിടെ വരെ, വാടകയ്‌ക്കൊരു ഹൃദയം, ഭരതന്റെ രതിനിര്‍വേദം, ചാമരം, നിദ്ര, മര്‍മരം, ബാലചന്ദ്ര മേനോന്റെ മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള, ഹരിഹരന്റെ ഒരു വടക്കന്‍ വീരഗാഥ, കമലിന്റെ ഗസല്‍, ലോഹിതദാസിന്റെ കന്മദം എന്നിവയാണ് കാമറ ചലിപ്പിച്ച ചില പ്രധാന ചിത്രങ്ങള്‍. സമാന്തര സിനിമയിലും വാണിജ്യസിനിമയിലും ഒരുപോലെ സജീവമായിരുന്നു രാമചന്ദ്രബാബു. നാലുതവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ദ്വീപ് (1976), രതിനിര്‍വേദം (1978), ചാമരം (1980), ഒരു വടക്കന്‍ വീരഗാഥ (1989) എന്നിവയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, അറബി, ഇംഗ്ലീഷ് ചിത്രങ്ങള്‍ക്കും അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.