സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ല: മുഖ്യമന്ത്രി

സമരക്കാര്‍ കല്ല് വാരി കൊണ്ടുപോയാല്‍ പദ്ധതി ഇല്ലാതാകുമോയെന്നും കോടിയേരി

Update: 2022-03-19 06:43 GMT

തിരുവനന്തപുരം: കെ റെയല്‍ ഭൂമിയേറ്റെടുക്കലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പിന്നോട്ടില്ലെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ലെന്നും എന്തെല്ലാം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കുമെന്നും പിണറായി ആവര്‍ത്തിച്ചു.

കെ റെയില്‍ പദ്ധതിക്കുള്ള ഭൂമിയേറ്റെടുക്കലിനെതിരെ കോട്ടയത്ത് അടക്കം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധങ്ങളെ തള്ളിയ മുഖ്യമന്ത്രി, പ്രതിഷേധങ്ങളെല്ലാം വികസനത്തിന് എതിരാണെന്നും കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെ രൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്. നാടിന്റെ പുരോഗതിക്ക് തടസം നില്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നും ബിജെപിയും സമാനനിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തി കേരളത്തെ കലാപഭൂമിയാക്കാന്‍ നീക്കം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുറ്റപ്പെടുത്തി. 'കോണ്‍ഗ്രസ്, ബിജെപി, എസ്ഡിപിഐ, ജമാ അത്ത് ഇസ്‌ലാമി എന്നിവരുടെ സംയുക്ത നീക്കമാണ് പദ്ധതിക്കെതിരെ കേരളത്തില്‍ നടക്കുന്നത്. കേരളത്തില്‍ ഇതാദ്യമായാണ് വികസനപദ്ധതികളെയെല്ലാം എതിര്‍ക്കുന്ന ഒരു പ്രതിപക്ഷമുണ്ടാകുന്നത്. സമരക്കാര്‍ക്ക് കല്ല് വേണമെങ്കില്‍ വേറെ വാങ്ങി കൊടുക്കാമെന്നും കല്ല് വാരി കൊണ്ടു പോയാല്‍ പദ്ധതി ഇല്ലാതാകുമോയെന്നും കോടിയേരി പരിഹസിച്ചു. 

Tags:    

Similar News