കൊവിഡ് ചിലവിനുള്ള തുക പഞ്ചായത്തുകള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ നിന്ന് എടുക്കാമെന്ന് മുഖ്യമന്ത്രി
ആക്റ്റീവ് കേസുകള്‍ മെയ്15 ഓടെ 6 ലക്ഷമായി ഉയര്‍ന്നേക്കാം; ഡോക്ടര്‍മാരെയും നഴ്‌സുമാരെയും താല്‍ക്കാലികമായി നിയമിക്കും
തിരുവനന്തപുരം: ഓക്‌സിജന്‍ ഉപയോഗത്തെക്കുറിച്ച് ജില്ലകളിലെ ടെക്ക്‌നിക്കല്‍ ടീം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. കേന്ദ്ര സര്‍ക്കാര്‍ 3 ഓക്‌സിജന്‍ പ്ലാന്റുകള്‍ കൂടി അനുവദിച്ചിട്ടുണ്ട്. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആവശ്യാനുസരണം താല്‍ക്കാലികമായി നിയമിക്കും. പഠനം പൂര്‍ത്തിയാക്കിയവരെ സേവനത്തിലേക്ക് കൊണ്ട് വരണം.
വാര്‍ഡ് തല സമിതികള്‍ ശക്തമാക്കാന്‍ നടപടി സ്വീകരിക്കുകയാണ്. പള്‍സ് ഓക്‌സി മീറ്റര്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ നടപടി എടുക്കും. റമദാന്‍ പ്രമാണിച്ച് ഹോം ഡെലിവറി സൗകര്യം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി പ്രത്യേക മൊബൈല്‍ ആപ്പ് കൊല്ലത്ത് രൂപപ്പെടുത്തിയിട്ടുണ്ട്. ആ മാതൃക സംസ്ഥാനത്താകെ വ്യാപകമാക്കുന്നത് ഗുണകരമാവും. മത്സ്യ ലേലത്തിന്റെ കാര്യത്തില്‍ ആള്‍ക്കൂട്ടം ഇല്ലാത്ത രീതിയില്‍ നേരത്തെ ഉണ്ടാക്കിയ ക്രമീകരണം തുടരും.
ഗുരുതരമായ രോഗം ബാധിച്ചവര്‍, വീടുകളില്‍ എത്തുന്ന വാര്‍ഡ്തല സമിതികളിലെ സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സന്നദ്ധ സേന വളണ്ടിയര്‍മാര്‍, തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പിനാണ് ആദ്യം വാക്‌സിന്‍ നല്‍കുക.
161 പഞ്ചായത്തുകളില്‍ ഇപ്പോള്‍ കുടുംബശ്രീ ഹോട്ടലുകള്‍ ഇല്ല. ഈ പഞ്ചായത്തുകളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ആരംഭിക്കേണ്ടി വരും. മറ്റിടങ്ങളില്‍ കുടുംബശ്രീ ഹോട്ടലുകള്‍ വഴി ഭക്ഷണം നല്‍കും. കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ചിലവാകുന്ന തുക പഞ്ചായത്തുകള്‍ക്ക് അവരുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഉപയോഗിക്കാം. അതിനുള്ള തദ്ദേശ വകുപ്പിന്റെ ഉത്തരവ് നിലവിലുണ്ട്. അതനുസരിച്ചു പണം ചിലവഴിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയും. പൈസയില്ലാത്തത് കൊണ്ട് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടാകരുത്.
മെയ് 15 ഓടെ രോഗികള്‍ 6 ലക്ഷമായി ഉയര്‍ന്നേക്കാം
കൊവിഡ് ഒന്നാമത്തെ തരംഗത്തില്‍ രോഗം പടരാതെനോക്കുക എന്നതും, രോഗബാധിതരാകുന്നവര്‍ക്ക് ചികിത്സ ലഭ്യമാക്കുക എന്നതുമായിരുന്നു. രണ്ടാമത്തെ തരംഗം കൂടുതല്‍ തീവ്രമായതിനാല്‍, കൂടുതല്‍ ശക്തമായി മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുകയാണ്. ഇപ്പോള്‍ നടപ്പിലാക്കുന്നത് എമര്‍ജന്‍സി ലോക്ഡൗണ്‍ ആണ്. ആക്റ്റീവ് കേസുകള്‍ മെയ് 15 ഓടെ 6 ലക്ഷമായി ഉയര്‍ന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇ പാസ്
അവശ്യസര്‍വ്വീസ് വിഭാഗത്തില്‍ പെടുത്തിയിട്ടുളളവര്‍ക്ക് അതത് സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ പാസ് വേണ്ട. ദിവസേന യാത്രചെയ്യേണ്ടിവരുന്ന വീട്ടുജോലിക്കാര്‍, ഹോംനഴ്‌സുമാര്‍, തൊഴിലാളികള്‍ എന്നിങ്ങനെയുളളവര്‍ക്ക് സാധാരണഗതിയില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാകണമെന്നില്ല. ഈ വിഭാഗത്തില്‍പെട്ടവര്‍ അപേക്ഷിച്ചാല്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ പാസ് നല്‍കാന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കി. തൊട്ടടുത്ത കടയില്‍ നിന്ന് മരുന്ന്, ഭക്ഷണം, പാല്‍, പച്ചക്കറികള്‍ എന്നിവ വാങ്ങാന്‍ പോകുമ്പോള്‍ സത്യവാങ്മൂലം കൈയ്യില്‍ കരുതിയാല്‍ മതി.
നിലവില്‍ 1259 പോലിസ് ഉദ്യോഗസ്ഥരാണ് രോഗബാധിതരായിട്ടുളളത്. ഇതില്‍ പരമാവധിപേരും വീടുകളില്‍ തന്നെയാണ് കഴിയുന്നത്. അവര്‍ക്ക് മെഡിക്കല്‍ സഹായം എത്തിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ പോലിസുകാര്‍ക്ക് പ്രത്യേക സി.എഫ്.എല്‍.ടി.സി സൗകര്യം ഒരുക്കി.