ആധുനിക സാങ്കേതികവിദ്യാ ജ്ഞാനം കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ പ്രത്യേക പരിപാടി ആവിഷ്‌കരിക്കും: മുഖ്യമന്ത്രി

Update: 2022-06-01 09:44 GMT

തിരുവനന്തപുരം: ആധുനിക സാങ്കേതികവിദ്യയെക്കുറിച്ചുള്ള അറിവുകള്‍ കുട്ടികള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കുന്നതിന് പ്രത്യേക പരിപാടി ആവിഷ്‌കരിക്കുമന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാഠപുസ്തകം അറിവിന്റെ ഒരു വാതില്‍ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മാറുന്ന കാലത്തിന്റെ പ്രത്യേകതയ്‌ക്കൊപ്പം വിജ്ഞാന സമ്പാദന രീതികളും വിജ്ഞാന മേഖലകളും നവീകരിക്കപ്പെടുകയാണ്. ആധുനിക കാലത്തെ പല ഉപകരണങ്ങളും കൈകാര്യം ചെയ്യുന്നതില്‍ കുഞ്ഞുങ്ങള്‍ സ്വയം മിടുക്കുകാണിക്കുന്നുണ്ട്. അതു മാറിയ കാലത്തിന്റെ പ്രത്യേകതയാണ്.

നവീന സാങ്കേതികവിദ്യകള്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ സ്വായത്തമാക്കാന്‍ കഴിയും. നാനോ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റഡാര്‍ ടെക്‌നോളജി, ബയോ ഇന്‍ഫര്‍മാറ്റിക്‌സ് തുടങ്ങി വലിയ സാധ്യതകളാണ് അവര്‍ക്കു മുന്നിലുള്ളത്. ഈ മേഖലകള്‍ക്ക് പുറമേ പുതിയവ പലതും ഇനി വികസിച്ചുവെന്നു വരാം. അതെല്ലാം ഉടന്‍ പാഠപുസ്തകത്തില്‍ വരില്ല. പാഠപുസ്തകം പരിഷ്‌കരിച്ച് അവ വരുന്നതുവരെ കാത്തുനില്‍ക്കാന്‍ സമയമില്ല. കുട്ടികള്‍ക്ക് അത്തരം അറിവുകള്‍ അതുവരെ ലഭിക്കാതെപോകരുത്. അതിനായി പ്രത്യേക പരിപാടികള്‍ ആവിഷ്‌കരിക്കും- മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ രാജ്യവും ലോകവും ശ്രദ്ധിക്കുന്ന നിലയിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ക്കു പഠനസൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നെങ്കിലും കേരളത്തില്‍ അത്തരമൊരു ദുര്‍ഗതിയുണ്ടായില്ല. വിദ്യാഭ്യാസം തടസമില്ലാതെ തുടരുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. വിക്ടേഴ്‌സ് ചാനലിലൂടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കുന്നതിനുള്ള ഉപകരണ ലഭ്യതയ്ക്കുള്ള ശ്രമങ്ങളും ആരംഭിച്ചു. ഉപകരണങ്ങള്‍ സ്വന്തമായി വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്ത കുഞ്ഞുങ്ങള്‍ക്കായി നാടാകെ ഒന്നിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിലൂടെ നാട്ടിലെ വിദ്യാലയങ്ങള്‍ ലോക നിലവാരത്തിലേക്കെത്തിച്ചു. പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കൂടി. കഴിഞ്ഞ ആറു വര്‍ഷംകൊണ്ട് 10.5 ലക്ഷം വിദ്യാര്‍ഥികള്‍ പുതുതായി പൊതു വിദ്യാലയങ്ങളില്‍ എത്തിയതായാണു കണക്ക്. കേരളത്തിലെ എല്ലാ സ്‌കൂളുകളും, കുഗ്രാമമെന്നു പറയുന്ന സ്ഥലത്തെ സ്‌കൂള്‍ പോലും, ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കാന്‍ തക്കവിധം ഉയര്‍ത്താനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍ കൂടുതല്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്നതുതന്നെയാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പൊതുവിദ്യാഭ്യാസ കാര്യത്തില്‍ ഇനി ഒരു പിന്നോട്ടുപോക്കും പറ്റില്ല- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News