'എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും പൂര്‍ണമായി ഉള്‍ക്കൊള്ളാനാണ് വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതെന്ന്' മന്ത്രി എംവി ഗോവിന്ദന്‍

Update: 2021-05-22 11:46 GMT

തിരുവനന്തപുരം: എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെ പൂര്‍ണമായും ഉള്‍ക്കൊള്ളാനാണ് മുഖ്യമന്ത്രി ന്യൂനപക്ഷ വകുപ്പിന്റെ ചുമതല ഏറ്റെടുത്തതെന്ന് മന്ത്രി എംവി ഗോവിന്ദന്‍. ആശങ്കയുള്ളവര്‍ ഇക്കാര്യത്തില്‍ മറുപടി പറയട്ടെ. അതിന് മുഖ്യമന്ത്രി മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എം വി ഗോവിന്ദന്‍.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് വി അബ്്ദുറഹ്മാനാണ ആദ്യം നല്‍കിയിരുന്നതെങ്കിലും പിന്നീട് അത് മുഖ്യമന്ത്രി ഏറ്റെടുക്കുകയായിരുന്നു. നേരത്തെ ചില ക്രിസ്ത്യന്‍ സഭകള്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഒരു സമുദായം മാത്രം കൈവശം വെച്ച് നേട്ടം കൊയ്യുകയാണെന്ന് ആരോപണമുന്നയിച്ചിരുന്നു. അതേസമയം, വകുപ്പ് ഏറ്റെടുത്തതിന് മുഖ്യമന്ത്രിയെ ക്രിസ്ത്യന്‍ സംഘടനകള്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് പുറമെ, സംഘപരിവാരവും ന്യൂനപക്ഷ വകുപ്പിലൂടെ മുസ്‌ലിംകള്‍ മാത്രം ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നു എന്ന് ആക്ഷേപിച്ചിരുന്നു.

വകുപ്പ് ഏറ്റെടുത്തതിനെ കുറിച്ച് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്, ഇത് സംബന്ധിച്ച് പരാതിയൊന്നും ഉയര്‍ന്നില്ലെന്നായിരുന്നു.

ഒരു വകുപ്പ് മന്ത്രിക്ക് നല്‍കിയിട്ട്, അത് മുഖ്യമന്ത്രി തിരിച്ചെടുത്തത് ശരിയായില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു.

രാജ്യത്തെ മുസ്‌ലിം പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച സച്ചാര്‍ കമ്മിഷന്‍, ദലിതരേക്കാള്‍ പിന്നാക്കമാണ് മുസലിംകളെന്ന് കണ്ടെത്തിയിരുന്നു. ഈ കമ്മിഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സംസ്ഥാനത്ത് നടപ്പിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് ശുപാര്‍ശ ചെയ്യാന്‍ വിഎസ് സര്‍ക്കാര്‍, പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഈ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് സംസ്ഥാനത്ത് മുസ്‌ലിംകളുടെ ക്ഷേമത്തിനായി ന്യൂനപക്ഷ വകുപ്പ് രൂപീകരിക്കുന്നത്.

Tags:    

Similar News