കര്‍ണാടകയില്‍ കൊവിഡിനെക്കാള്‍ വേഗത്തില്‍ വര്‍ഗീയവൈറസ് വ്യാപിക്കുന്നു
നേതാക്കളുടെ വിദ്വേഷ പരാമര്‍ശങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് കര്‍ണാടക ഗ്രാമങ്ങളിലും സംഘപരിവാരം മുസ്‌ലിംകള്‍ക്കെതിരെ കടുത്ത വിദ്വേഷ നീക്കങ്ങളാണ് നടത്തുന്നത്.
പിസി അബ്ദുല്ല
മംഗളൂരു: കൊവിഡ് ബാധയില്‍ ലോകം ഭീതിയിലാണ്ടുനില്‍ക്കെ കര്‍ണാടകയില്‍ കൊറോണയെ പിന്നിലാക്കി ബിജെപിയുടെ വര്‍ഗീയ വൈറസ് വ്യാപിക്കുന്നു. നിസാമുദ്ദീന്‍ സമ്മേളനം മറയാക്കി മുസ്‌ലിംകള്‍ക്കെതിരേ ബിജെപി ജനപ്രതിനിധികള്‍ നടത്തുന്ന വിദ്വേഷ പ്രചാരണം സാമൂഹിക സമാധാനത്തിന് ഭീഷണിയാവുകയാണ്.
മുഖ്യമന്ത്രി യദ്യൂരപ്പയുടെ നിര്‍ദേശം മറികടന്ന് അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയും ശോഭ കരന്തലജെ എം.പിയും മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷം കടുപ്പിക്കുകയാണ്.
നേതാക്കളുടെ വിദ്വേഷ പരാമര്‍ശങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് കര്‍ണാടക ഗ്രാമങ്ങളിലും സംഘപരിവാരം മുസ്‌ലിംകള്‍ക്കെതിരെ കടുത്ത വിദ്വേഷ നീക്കങ്ങളാണ് നടത്തുന്നത്. മംഗളൂരു കൊല്ല്യ ഗ്രാമത്തില്‍ കൊവിഡ് പ്രശ്‌നം പൂര്‍ണമായി പരിഹരിക്കുന്നതുവരെ മുസ്‌ലിം വ്യാപാരികള്‍ക്ക് പ്രവേശനമില്ല എന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, പോസ്റ്റ് ഓഫീസ്, ബസ്സ് സ്‌റ്റോപ്പുകള്‍ തുടങ്ങി ജനശ്രദ്ധയാകര്‍ഷിക്കുന്ന സ്ഥലങ്ങളിലെല്ലാം പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ഇത് പ്രചരിക്കുകയും പരാതികള്‍ നല്‍കുകയും ചെയ്തിട്ടും മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ പരിധിയില്‍ വരുന്ന ഒരിടത്തും കേസ്സെടുത്തിട്ടില്ല.
ഇതിനെതിരേ ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കബീര്‍ ഉള്ളാള്‍ പറഞ്ഞു. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യു.ടി. ഖാദര്‍ എം.എല്‍.എ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണിത്.
കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുകയായിരുന്ന സന്നദ്ധ സംഘടന വളണ്ടിയര്‍മാരെ ഇന്നലെ വൈകിട്ട് ബംഗളൂരുവില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. കൊറോണ വൈറസ് കലര്‍ത്തിയ ഭക്ഷ്യ വസ്തുക്കളാണ് സന്നദ്ധ പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്നതെന്നാരോപിച്ചാണ് അക്രമമെന്ന് സംഘടന ജില്ലാ സെക്രട്ടറി സെയ്ദ് തബ് രേസ് പറഞ്ഞു.ഇദ്ദേഹവും സഹപ്രവര്‍ത്തകരായ ജുനൈദ്, റിയാസ്, ഫിറോസ്, അജ്മല്‍ എന്നിവരും പരുക്കുകളോടെ ഷാമ്പൂര്‍ അംബേദ്കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.