ദിശയുടെ ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കുമ്പോള്‍ പണം ഈടാക്കുന്നതായി പരാതി
മാള: ദിശയുടെ ടോള്‍ ഫ്രീ നമ്പറായ 104ലേക്ക് വിളിക്കുമ്പോള്‍ പണം ഈടാക്കുന്നതായി പരാതി. മെയിന്‍ അക്കൗണ്ടില്‍ നിന്നാണ് പണം ഈടാക്കുന്നത്. നെറ്റ് ഉപയോഗത്തിനായി പൈസ കയറ്റിയ നമ്പറുകളില്‍ നിന്ന് വിളിക്കണമെങ്കിലും മെയിന്‍ അക്കൗണ്ടില്‍ പണമുണ്ടാകണം.
ദിശക്ക് 104, 1056 എന്നിങ്ങനെ രണ്ട് നമ്പറുകളാണ് ഉള്ളത്. ഇതില്‍ 104 എന്ന നമ്പറിലേക്ക് വിളിക്കുമ്പോഴാണ് മെയിന്‍ അക്കൗണ്ടില്‍ നിന്നും പൈസ കട്ടാകുന്നത്. കോള്‍, നെറ്റ് ഓഫര്‍ ചെയ്തതും മെയിന്‍ അക്കൗണ്ടില്‍ ബാലന്‍സില്ലാത്തതുമായ നമ്പറുകളില്‍ നിന്നും വിളിച്ചാല്‍ കോള്‍ കണക്ടാകുകയുമില്ല.
കൊവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ ഒരാഴ്ചക്കിടയില്‍ ചിക്കന്‍ കഴിക്കരുതെന്നും വാക്‌സിന്‍ എടുത്ത് കഴിഞ്ഞ് രണ്ടാഴ്ചക്കാലം കാറ്ററിംഗുകാരുണ്ടാക്കിയ ഭക്ഷണം കഴിക്കരുതെന്നും വീടുകളിലുണ്ടാക്കിയ ഭക്ഷണം മാത്രമേ കഴിക്കാവൂയെന്നുമുള്ള വോയ്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനായി മാധ്യപ്രവര്‍ത്തകന്‍ സലിം എരവത്തൂരാണ് ദിശയുടെ നമ്പറിലേക്ക് വിളിച്ചത്. ഏഴ് മിനിറ്റും 43 സെക്കന്റും ആയ കോളിന് എട്ട് രൂപ മെയിന്‍ അക്കൗണ്ടില്‍ നിന്നും ഈടാക്കി. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട മിക്കവാറും വീഡിയോകളില്‍ ടോള്‍ഫ്രീ നമ്പറുകളായി 104 ഉം 1056 ഉം നല്‍കുന്നുണ്ട്.