ലീഗിന്റെ കൊടി പാകിസ്ഥാനില്‍ കൊണ്ടുകെട്ടടാ; യുഡിഎഫ് പരിപാടിയ്ക്കിടെ ലീഗിനെ അപമാനിച്ച് കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം നഗരസഭക്കെതിരെ യുഡിഎഫ് ഇന്നലെ ആറ്റിപ്രയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ ലീഗ് പ്രവര്‍ത്തകരെ അപമാനിച്ചത്

Update: 2022-07-30 05:22 GMT

തിരുവനന്തപുരം: യുഡിഎഫിന്റെ പരിപാടിക്കിടെ മുസ്‌ലിംലീഗ് പതാകയെ അപമാനിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്്. ലീഗിന്റെ കൊടി പാകിസ്ഥാനില്‍ കൊണ്ടുകെട്ടാന്‍ കോണ്‍ഗ്രസ് നേതാവിന്റെ ആക്രോശം. കഴക്കൂട്ടം ആറ്റിപ്രയില്‍ നടന്ന യുഡിഎഫ് പരിപാടിയിലാണ് ലീഗ് നേതാവിന് നേരെ കോണ്‍ഗ്രസ് നേതാവിന്റെ ആക്രോശമുണ്ടായത്. തിരുവനന്തപുരം നഗരസഭക്കെതിരെ യുഡിഎഫ് ഇന്നലെ കഴക്കൂട്ടം ആറ്റിപ്രയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍(അണ്ടൂര്‍കോണം സനല്‍കുമാര്‍) ലീഗ് പ്രവര്‍ത്തകരെ അപമാനിച്ചത്.

ലീഗ് നേതാവ് വെമ്പായം നാസര്‍ സ്വകാര്യ ചാനലിനോട് പറഞ്ഞത്;

'പരിപാടിയുടെ ഭാഗമായി ഞാനും പ്രവര്‍ത്തകരും കൊടികൊട്ടുമ്പോള്‍, ബ്ലോക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ ഈ കൊടി ഇവിടെ കെട്ടാന്‍ കഴിയില്ലെന്ന് പറഞ്ഞു. മുസ്‌ലിം ലീഗിന്റെ കൊടിയാണ് ഇത്. യുഡിഎഫിന്റെ പ്രധാന കക്ഷിയല്ലേ എന്നും ഞങ്ങള്‍ ചോദിച്ചു. അപ്പോള്‍ പറഞ്ഞത്, ഈ കൊടി അങ്ങ് മലപ്പുറത്ത് കൊണ്ട് പോയി കെട്ട് എന്നാണ്. തര്‍ക്കമായപ്പോള്‍, മുസ്‌ലിം ലീഗിന്റെ കൊടി പാക്കിസ്ഥാനില്‍ കൊണ്ട് പോയി കെട്ടടാ എന്നും പറഞ്ഞു'.

കോണ്‍ഗ്രസ് നേതാവിന്റെ പെരുമാറ്റത്തിനെതിരേ ലീഗ് ജില്ലാ കമ്മറ്റി അംഗം വെമ്പായം നാസര്‍ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കി. കോണ്‍ഗ്രസ് നേതാവിന്റെ പാകിസ്ഥാന്‍ പരാമര്‍ശം ലീഗ് പ്രവര്‍ത്തകരെ പ്രകോപിച്ചിട്ടുണ്ട്. 

Tags:    

Similar News