സിവിക് ചന്ദ്രന്‍ കേസിലെ വിവാദ പരാമര്‍ശത്തിന് പിന്നാലെ സ്ഥലം മാറ്റം; ജഡ്ജിയുടെ ഹരജി തള്ളി ഹൈക്കോടതി
കൊച്ചി:എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ സ്ഥലം മാറ്റത്തിനെതിരെ ജഡ്ജി എസ് കൃഷ്ണകുമാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് അനു ശിവരാമന്റേതാണ് നടപടി.
കൊല്ലം ലേബര്‍ കോടതിയിലേക്കുള്ള സ്ഥലം മാറ്റം നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.ലേബര്‍ കോടതിയിലേത് ഡെപ്യൂട്ടീഷന്‍ തസ്തിക ആയതിനാല്‍ തന്റെ അനുമതി ചോദിച്ചില്ലെന്ന ജഡ്ജിയുടെ നിലപാടും കോടതി അംഗീകരിച്ചില്ല.ജില്ലാ ജഡ്ജിക്ക് സമാനമായ പദവിയാണ് ലേബര്‍ കോടതിയിലേതെന്നും അതിനാല്‍ സ്ഥലംമാറ്റ ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്നുമായിരുന്നു ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്.
ലൈംഗികാതിക്രമക്കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് എസ് കൃഷ്ണകുമാറിനെ സ്ഥലംമാറ്റിയത്.രണ്ട് ലൈംഗിക പീഡന കേസുകളിലാണ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.ഇതില്‍ ദലിത് യുവതിയെ പീഡിപ്പിച്ച കേസില്‍ വാദം കേള്‍ക്കവേയാണ് ജഡ്ജി വിവാദ പരാമര്‍ശം നടത്തിയത്.പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനകരമാണെന്നായിരുന്നു പരാമര്‍ശം.
പരാമര്‍ശം വിവാദമായതിന് പിന്നാലെ കോഴിക്കോട് ജില്ലാ ജഡ്ജിയായിരുന്ന അദ്ദേഹത്തെ ലേബര്‍ കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്.ഹൈക്കോടതി ഭരണവിഭാഗത്തിന്റെ ഈ ഉത്തരവിനെതിരേ കൃഷ്ണകുമാര്‍ ഹരജി നല്‍കുകയായിരുന്നു.