കോട്ടണ്‍ഹില്‍ സ്‌കൂളിലെ റാഗിങ് പരാതി: ചെറിയ പ്രശ്‌നത്തെ പര്‍വതീകരിച്ചതാണ് പ്രധാന പ്രശ്‌നമെന്ന് ഡിഡിഇ റിപോര്‍ട്ട്

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സിസിടിവികള്‍ സ്ഥാപിക്കണമെന്നും അധ്യാപകരുടെ പരിശോധനകള്‍ നിര്‍ബന്ധമാക്കണമെന്നും റിപോര്‍ട്ടിലുണ്ട്

Update: 2022-07-27 12:31 GMT

തിരുവനന്തപുരം: കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തുവെന്ന പരാതിയില്‍ ഡിഡിഇ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു. സ്‌കൂളില്‍ നടന്ന ചെറിയൊരു പ്രശ്‌നത്തെ അനാവശ്യമായി പര്‍വതീകരിച്ചതാണ് പ്രധാന പ്രശ്‌നമെന്ന് ഡിഡിഇയുടെ റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

സീനിയര്‍ വിദ്യാര്‍ഥികളുടെ ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ അക്രമം നടത്തിയ കുട്ടികള്‍ ആരെന്ന് പരിക്കേറ്റ കുട്ടികള്‍ക്കോ സ്‌കൂളിലെ അധ്യാപകര്‍ക്കോ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സ്‌കൂളിലെ വിഷയം സംബന്ധിച്ച് ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ദുരുദ്ദേശമുണ്ടെന്ന് സംശയിക്കുന്നതായും ഇതേക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്നും റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

റിപോര്‍ട്ടിന്റെ വിശദരൂപം

രക്ഷകര്‍ത്താക്കള്‍, വിദ്യാര്‍ത്ഥിനികള്‍, അധ്യാപകര്‍, അനധ്യാപകര്‍ മുതലാവയവരെ നേരില്‍ കേള്‍ക്കുകയും മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള വാര്‍ത്തകള്‍, സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കുന്ന വീഡിയോകള്‍, വോയിസ് ക്ലിപ്പുകള്‍ എന്നിവ പരിശോധിക്കുകയും ചെയ്തു. ആയതിന്റെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ബോധ്യപ്പെട്ടു.

കുറ്റക്കാരായ കുട്ടികളെ കണ്ടെത്തുന്നതിന് പരിക്കേറ്റ കുട്ടികളോടൊപ്പം സ്‌കൂള്‍ അധികൃതര്‍ ക്ലാസുകള്‍ തോറും കയറിയിറങ്ങി ഉപദ്രവിച്ച കുട്ടികളെ കണ്ടെത്താന്‍ ശ്രമങ്ങള്‍ നടത്തുകയും, സ്‌കൂള്‍ കോമ്പൗണ്ടിലുള്ള എല്ലാ ഭാഗത്തും വിശദമായ പരിശോധന നടത്തുകയും സംശയം തോന്നിയ എല്ലാ കുട്ടികളോടും സംസാരിക്കുകയും ചെയ്തു. അന്നേ ദിവസം ഹയര്‍സെക്കന്റെ വിഭാഗത്തിലെ രണ്ടു കുട്ടികള്‍ മാത്രമാണ് കളര്‍ ഡ്രസില്‍ എത്തിയിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്. എന്നാല്‍ ടി കുട്ടികളല്ല ഇതിന് പിന്നിലെന്ന് ഉപദ്രവമേറ്റ കുട്ടികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പോലെ സ്‌കൂളിന്റെ മതില്‍ ചാടിക്കടന്ന് കളര്‍ ഡ്രസ് ധരിച്ച പെണ്‍കുട്ടികള്‍ സ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലെത്തി ഉപദ്രവമേല്‍പ്പിച്ചു കടന്നുകളഞ്ഞു എന്നത് ശരിയാണെന്ന് കാണുന്നില്ല. കാരണം സ്‌കൂളിന്റെ മതിലുകള്‍ എല്ലാ ഭാഗത്തും കുട്ടികള്‍ക്ക് ചാടിക്കടക്കാന്‍ കഴിയാത്ത വിധത്തില്‍ ഉയരക്കൂടുതലുള്ളതാണ്.

സ്‌കൂളില്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് യാതൊരുതരത്തിലുള്ള സംഭവങ്ങളും ഉണ്ടായിട്ടില്ലായെന്നാണ് അധ്യാപകരുള്‍പ്പെടെയുള്ള സ്‌കൂളധികാരികള്‍ ബോധിപ്പിച്ചിട്ടുള്ളത്.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതുപോലെ കുട്ടികളുടെ ശരീരത്തില്‍ ബ്ലേഡ് ഉപയോഗിച്ച് മുറിവുണ്ടാക്കുക തുടങ്ങി കുട്ടികള്‍ക്ക് വിവിധ തരത്തിലുള്ള ഉപദ്രവങ്ങള്‍ ഉണ്ടാകുന്നുവെന്നും നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുവെങ്കിലും അത്തരത്തിലുള്ള യാതൊരു സംഭവങ്ങളും സ്‌കൂളിനുള്ളില്‍ ഉണ്ടായതായി അധ്യാപകരോ കുട്ടികളോ മൊഴി നല്‍കിയിട്ടില്ല.

സംഭവങ്ങളൊക്കെയും കേട്ടുകേള്‍വി മാത്രമാണ് എന്നാണ് ബോധ്യപ്പെട്ടിട്ടുള്ളത്. വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടായിരത്തി അഞ്ഞൂറിലധികം വിദ്യാര്‍ത്ഥിനികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ അദ്ധ്യാപകരുള്‍പ്പെടെയുളള സ്‌കൂള്‍ അധികൃതര്‍ കൂറെ കൂടി ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതാണെന്ന് ബോധ്യപ്പെട്ടു.

സ്‌കൂളിന്റെ എല്ലാ കോണുകളിലും അദ്ധ്യാപകരുടെയും സുരക്ഷാ ജീവനക്കാരുടെയും ശ്രദ്ധ സദാസമയവും എത്തുന്നതരത്തില്‍ ചുമതലകള്‍ വിഭജിച്ചു നല്‍കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രഥമാദ്ധ്യാപരെ ചുമതലപ്പെടുത്തി. സ്‌കൂളിലേക്കെത്തുന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമല്ലാത്ത് മുഴുവന്‍ വ്യക്തികളുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിനും, അവരുടെ വരവിന്റെ ഉദ്ദേശ്യവും, വന്നതും പോയതുമായ സമയം രേഖപ്പെടുത്തുന്നതിനും വ്യക്തമായ രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ നല്‍കി.

സ്‌കൂളിന്റെ അച്ചടക്കം, കുട്ടികളുടെ സുരക്ഷ മുതലായ കാര്യങ്ങളില്‍ കൃത്യമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തികൊണ്ട് ശക്തമായ ഇടപെടലുകള്‍ നടത്തുന്നതിന് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപക രക്ഷാകര്‍തൃ സമിതി അനിവാര്യമാണ്. അത് ഹയര്‍സെക്കന്ററി ഒന്നാംവര്‍ഷ പ്രവേശനം പൂര്‍ത്തിയായാലുടന്‍ തന്നെ രൂപീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. നിലവില്‍ കുട്ടികള്‍ക്കിടയ്ക്കും, രക്ഷകര്‍ത്താക്കള്‍ക്കിടയിലുമുണ്ടായിരിക്കുന്ന ഭീതി ഒഴിവാക്കുന്നതിന് കൗണ്‍സിലര്‍മാരുടെ സേവനമുറപ്പാക്കുന്നതിനും കുട്ടികള്‍ക്കാവശ്യമായ മാനസിക പിന്തുണ നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

കുറ്റക്കാരായ കുട്ടികളെ കണ്ടെത്തി തിരുത്തേണ്ടത് അനിവാര്യമാണ്. എന്നിരുന്നാലും വാസ്തവവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് നഗരമധ്യത്തിലെ പ്രമുഖമായ ഒരു വിദ്യാലയത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉണ്ടായിട്ടുളള ദുരുദ്ദേശപരമായ ഗൂഢാലോചനകള്‍ തിരിച്ചറിയപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്. ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പോലിസും അന്വേഷിക്കും. 

Tags:    

Similar News