കൊവിഡ്: പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ 20 വരെ നീട്ടി
കൊല്‍ക്കൊത്ത: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സെപ്റ്റംബര്‍ 20 വരെ നീട്ടി. മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ലോക്ക് ഡൗണ്‍ നീട്ടുകയാണെന്ന് പ്രഖ്യാപിച്ചത്.
''ഇപ്പോള്‍ നിലവിലുള്ള ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അതേ പടി സെപ്റ്റംബര്‍ 20 വരെ നീട്ടാന്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 7, 11, 12 തിയ്യതികളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കും''- മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ബംഗാളില്‍ 27,349 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്. സംസ്ഥാനത്തെ കൊവിഡ് മുക്തരുടെ എണ്ണം 1,14,543 ആയി. ഇതുവരെ 2,909 പേര്‍ രോഗം ബാധിച്ച് മരിച്ചു.