കൊവിഡ് 19: കായിക പരിശീലനത്തിനുള്ളതല്ലാത്ത സ്വിമ്മിങ് പൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല
വയനാട്: ജില്ലയില്‍ സ്പോര്‍ട്സ് കൗണ്‍സിലിനു കീഴിലോ അറിവിലോ കായിക പരിശീലനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്നത് ഒഴികെയുള്ള എല്ലാ സ്വിമ്മിങ് പൂളുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു. ബന്ധപ്പെട്ട തഹസില്‍ദാര്‍, സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എന്നിവര്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും പരിശോധിച്ച് ഡി.എം ആക്ട്, സി.ആര്‍.പി.സി വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി.
കായിക പരിശീലനം നടത്തുന്നതിനുള്ള സ്വിമ്മിങ് പൂളുകള്‍ക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാറിന്റെ അണ്‍ലോക്ക് ഉത്തരവില്‍ പ്രവര്‍ത്തനാനുമതിയുള്ളത്. ജില്ലയിലെ നിരവധി റിസോര്‍ട്ടുകളും ഹോട്ടലുകളും സ്വിമ്മിങ് പൂളുകളില്‍ അതിഥികളെ പ്രവേശിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടതായി കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി. കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.