കൊവിഡ്: രാജ്യത്തെ 97 ശതമാനം പേരുടെ വരുമാനവും ഇടിഞ്ഞതായി മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്
തിരുവനന്തപുരം: കൊവിഡ് കാലത്ത് രാജ്യത്തെ 97 ശതമാനം പേരുടെ വരുമാനത്തിലും ഗണ്യമായ ഇടിവുണ്ടായതായി കണക്കുകള്‍ ചൂണ്ടിക്കാട്ടി മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. കൊവിഡിനുമുമ്പ് ഇന്ത്യയില്‍ 40.35 കോടി ആളുകള്‍ തൊഴിലെടുക്കുന്നവരായി ഉണ്ടായിരുന്നു. കൊവിഡും ലോക്ഡൗണും വന്നതോടുകൂടി 2020 ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇവരില്‍ 12.6 കോടി ആളുകള്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു. ലോക്ഡൗണും മറ്റും പിന്‍വലിച്ചശേഷം ഒരു വര്‍ഷംകൊണ്ട് പതുക്കെപതുക്കെ തൊഴില്‍ ഏതാണ്ട് പൂര്‍വ്വനിലയിലേയ്ക്ക് തിരിച്ചുവന്നു. ജനുവരി ആയപ്പോഴേയ്ക്കും തൊഴിലെടുക്കുന്നവരുടെ എണ്ണം 40 കോടിയോളമായി. 35 ലക്ഷം ആളുകള്‍ക്കെങ്കിലും സ്ഥിരമായി തൊഴിലില്ലാതായി. ജനങ്ങളെ സംബന്ധിച്ചിടത്തോളം രണ്ടാം വ്യാപനം മുന്‍കാലത്തെക്കാള്‍ തീക്ഷ്ണമാണെന്ന് മാത്രമല്ല, നട്ടെല്ല് ഒടിക്കുന്നതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പോസ്റ്റിന്റെ പൂര്‍ണരൂപം
കൊവിഡിനുമുമ്പ് ഇന്ത്യയില്‍ 40.35 കോടി ആളുകള്‍ തൊഴിലെടുക്കുന്നവരായി ഉണ്ടായിരുന്നു. കൊവിഡും ലോക്ഡൗണും വന്നതോടുകൂടി 2020 ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇവരില്‍ 12.6 കോടി ആളുകള്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു. ലോക്ഡൗണും മറ്റും പിന്‍വലിച്ചശേഷം ഒരു വര്‍ഷംകൊണ്ട് പതുക്കെപതുക്കെ തൊഴില്‍ ഏതാണ്ട് പൂര്‍വ്വനിലയിലേയ്ക്ക് തിരിച്ചുവന്നു. ജനുവരി ആയപ്പോഴേയ്ക്കും തൊഴിലെടുക്കുന്നവരുടെ എണ്ണം 40 കോടിയോളമായി. എന്നുവച്ചാല്‍ 35 ലക്ഷം ആളുകള്‍ക്കെങ്കിലും സ്ഥിരമായി തൊഴിലില്ലാതായി.
ഇവരില്‍ ശമ്പളക്കാരുടെ എണ്ണം കൊവിഡിനുമുമ്പ് 8.5 കോടിയായിരുന്നു. പക്ഷെ ഇപ്പോള്‍ അത് 7.4 കോടിയായി കുറഞ്ഞു. എന്നുവച്ചാല്‍ ശമ്പള ജോലികള്‍ കുറയുകയും അസംഘടിത മേഖലയിലെ ജോലികള്‍ വളരുകയുമാണ് ചെയ്തത്. സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വമുണ്ട്. കുറച്ചെല്ലാം റിട്ടയര്‍മെന്റ് ലക്ഷ്യമാക്കി സമ്പാദിക്കാനും കഴിയും. എന്നാല്‍ ഇതൊന്നും അസംഘടിത മേഖലയില്‍ കഴിയില്ലല്ലോ. ഇപ്പോള്‍ വീണ്ടും തൊഴിലില്ലായ്മ പെരുകുകയാണ്. മെയ് മാസം അവസാനം തൊഴിലില്ലായ്മ 14.7 ശതമാനമായി ഉയര്‍ന്നു.
ഇന്ത്യയിലെ തൊഴിലും തൊഴിലില്ലായ്മയെയും കുറിച്ചു വിപുലമായ സര്‍വ്വേ അടിസ്ഥാനമാക്കി ഓരോ മാസത്തെയും കണക്കുകള്‍ പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണ് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി. സമീപകാലത്തു നടത്തിയ സര്‍വ്വേയില്‍ അവര്‍ ജനങ്ങളോട് ഒരു വര്‍ഷം മുമ്പുണ്ടായിരുന്നതിനോടു താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ വരുമാനത്തിന് എന്തു സംഭവിച്ചൂവെന്നു ചോദിച്ചിരുന്നു. 3 ശതമാനം ആളുകള്‍ മാത്രമേ തങ്ങളുടെ വരുമാനം വര്‍ദ്ധിച്ചൂവെന്ന് അഭിപ്രായപ്പെട്ടുള്ളൂ. 55 ശതമാനം പേര്‍ ഖണ്ഡിതമായി തങ്ങളുടെ വരുമാനം ഇടിഞ്ഞൂവെന്നു സമര്‍ത്ഥിച്ചു. 42 ശതമാനം പേര്‍ പഴയതില്‍ നിന്നും വലിയ വ്യത്യാസമൊന്നും ഇല്ലായെന്നാണ് അഭിപ്രായപ്പെട്ടത്. എന്നുവച്ചാല്‍ വിലക്കയറ്റംകൂടി കണക്കിലെടുക്കുകയാണെങ്കില്‍ ഇന്ത്യയിലെ 97 ശതമാനം ജനങ്ങളുടെയും വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടായി.
ഇതുതന്നെയാണ് ഇന്ത്യാ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന ദേശീയ വരുമാന കണക്കില്‍ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി ഇന്ത്യയിലെ പ്രതിശീര്‍ഷ വരുമാനം ഒരുലക്ഷം രൂപയില്‍ തത്തിക്കളിക്കുകയാണ്. 2017-18ല്‍ 1,00,268 രൂപ, 2018-19ല്‍ 1,05,525 രൂപ, 2019-20ല്‍ 1,08,645 രൂപ, 2020-21 ല്‍ 99,694 രൂപ. ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം ബംഗ്ലാദേശിനേക്കാള്‍ താഴെയായി.
മേല്‍പ്പറഞ്ഞ കണക്ക് മൊത്തം ദേശീയവരുമാനത്തെ ജനസംഖ്യകൊണ്ടു ഹരിക്കുമ്പോള്‍ കിട്ടുന്നതാണ്. പക്ഷെ വരുമാനം തുല്യമായിട്ടല്ലോ വീതം വയ്ക്കപ്പെടുന്നത്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രതിശീര്‍ഷ വരുമാന അന്തരം ഈ കാലയളവില്‍ വര്‍ദ്ധിച്ചു. ഗ്രാമങ്ങളേക്കാള്‍ വരുമാനം നഗരങ്ങളില്‍ വര്‍ദ്ധിച്ചു. കുടുംബങ്ങള്‍ തമ്മിലുള്ള അസമത്വവും പെരുകി. ഇതിന്റെ ഫലമായി ഭൂരിപക്ഷം ഇന്ത്യാക്കാരുടെയും ശരാശരി വരുമാനം ഈ കാലയളവില്‍ ഗണ്യമായി ഇടിഞ്ഞു. തൊഴിലില്ലായ്മയും ദാരിദ്ര്യവും പെരുകി.
ഒന്നാം കൊവിഡ് വരുമ്പോള്‍ ജനങ്ങളുടെ കൈയ്യില്‍ കുറച്ചൊക്കെ സമ്പാദ്യം ഉണ്ടായിരുന്നെങ്കില്‍ ഇന്ന് രണ്ടാം വ്യാപനം വരുമ്പോള്‍ പിടിച്ചുനില്‍ക്കാനുള്ള ഒരുവകയും അവരുടെ കൈവശമില്ല. സാമ്പത്തികവളര്‍ച്ചയുടെ ഇടിവ് ഒന്നാം വ്യാപനത്തിന്റെ തോതില്‍ ഈ വര്‍ഷം ഉണ്ടാവില്ലായെന്നുള്ള കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെയും കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവ് കെ.വി. സുബ്രഹ്‌മണ്യത്തിന്റെയും വിലയിരുത്തല്‍ ശരിയോ തെറ്റോ ആകട്ടെ. ജനങ്ങളെ സംബന്ധിച്ചിടത്തോളം രണ്ടാം വ്യാപനം മുന്‍കാലത്തെക്കാള്‍ തീക്ഷ്ണമാണ്. നട്ടെല്ല് ഒടിക്കുന്നതാണ്.