കൊവിഡ് തീവ്രവ്യാപനം: തിരുവനന്തപുരം സി കാറ്റഗറിയില്‍, കടുത്ത നിയന്ത്രണങ്ങള്‍
തിരുവനന്തപുരം: കൊവിഡ് അതിതീവ്ര വ്യാപന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തി. ജില്ലയെ കൊവിഡ് 'സി' കാറ്റഗറിയില്‍ ഉള്‍പെടുത്തി. സി കാറ്റഗറിയില്‍ വരുന്ന ആദ്യ ജില്ലയാണ് തിരുവനന്തപുരം. എട്ട് ജില്ലകളെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം, തൃശ്ശൂര്‍, എറണാകുളം, വയനാട്, ഇടുക്കി പാലക്കാട് ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് ബി കാറ്റഗറിയിലുള്ളത്. ഇന്ന് ചേര്‍ന്ന കൊവഡ് അവലോകന യോഗത്തിലാണ് തീരുമാനം.
സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ തലസ്ഥാനത്ത് നിയന്ത്രണം കര്‍ശനമാക്കി. പൊതു പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈനില്‍ മാത്രമേ നടത്താന്‍ പാടുള്ളു. തിയേറ്ററുകള്‍, ജിമ്മുകള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവ അടച്ചിടണം. 10, 11, 12 ക്ലാസുകള്‍ ഓഫ് ലൈനായി നടക്കുന്നതിനാല്‍ കൂടുതല്‍ കരുതല്‍ വേണം. സ്കൂളുകളില്‍ 40ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് രോഗമുണ്ടായാല്‍ പ്രഥമ അധ്യാപകന് അടച്ചിടാം. ബിരുദ ബിരുദാനന്തര കോഴ്സുകളില്‍ അവസാന വര്‍ഷ ക്ലാസുകള്‍ക്ക് മാത്രമേ ഓഫ് ലൈന്‍ അനുവദിക്കുകയുള്ളു.