മലപ്പുറം ജില്ലയിലെ കൊവിഡ് മുക്തര്‍ മൂന്ന് ലക്ഷം പിന്നിട്ടു

Update: 2021-06-14 13:02 GMT

മലപ്പുറം:മൂന്ന് ലക്ഷം കൊവിഡ് രോഗമുക്തരെന്ന സുപ്രധാന നേട്ടവുമായി മലപ്പുറം ജില്ല. ജില്ലയില്‍ ഇതുവരെ 3,02,061 പേരാണ് കോവിഡ് രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമാണ് മൂന്ന് ലക്ഷം രോഗമുക്തരെന്ന ഈ നേട്ടത്തിന് പിന്നിലെന്ന് അവര്‍ പറഞ്ഞു. സ്വന്തം കുടുംബത്തെ പോലും മറന്ന് ഒരു വര്‍ഷത്തിലേറെയായി കൊവിഡ് രോഗികളെ പരിപാലിക്കുന്നതില്‍ വ്യാപൃതരായിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഈ നേട്ടം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും മറ്റ് ഇതര സര്‍ക്കാര്‍ വകുപ്പുകളും സ്വീകരിച്ച നിലപാടുകളുടെ ഫലമായി രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറക്കാനായതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് കടുത്ത നിയന്ത്രണങ്ങള്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നാലും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും ജില്ലാ കലക്ടര്‍ ഓര്‍മപ്പെടുത്തി.

കൊവിഡ് ബാധിതര്‍ക്ക് ചികിത്സയും നിരീക്ഷണവും ഉറപ്പാക്കാന്‍ വിപുലമായ സംവിധാനങ്ങളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓക്സിജന്‍ ക്ഷാമം നേരിടുന്നതിന് നിലവിലെ സംഭണികളുടെ ശേഷി ഉയര്‍ത്തുന്നതുള്‍പ്പടെ പ്രവൃത്തികളും നടപ്പിലാക്കിയിട്ടുണ്ട്. പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികള്‍ക്ക് പുറമെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും കോവിഡ് രോഗികളുടെ ചികിത്സക്കായി സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ കോവിഡ് ഗൃഹവാസ പരിചരണ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

Tags:    

Similar News