കൊവിഡ് ഡെല്‍റ്റ പ്ലസ്; പറളി, പിരായിരി പഞ്ചായത്തുകള്‍ ഏഴ് ദിവസത്തേക്ക് അടക്കും
പഞ്ചായത്തുകളിലേക്ക് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാകും
പാലക്കാട്: ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് ഡെല്‍റ്റ പ്ലസ് വൈറസ് കാണപ്പെട്ട പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകള്‍ ഇന്ന് മുതല്‍ ഏഴ് ദിവസത്തേക്ക് അടയ്ക്കും. പൊതുജന സഞ്ചാരം, വാഹന ഗതാഗതം എന്നിവ നിയന്ത്രിക്കും. പഞ്ചായത്തുകളിലേക്ക് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാകും. അവശ്യ വസ്തുക്കള്‍ വിലക്കുന്ന കടകള്‍ രാവിലെ 9 മുതല്‍ ഉച്ച 2 വരെയാകും പ്രവര്‍ത്തിക്കുക. ഹോട്ടലുകളും റെസ്‌റ്റോറന്റുകളും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴര വരെ ഹോം ഡെലിവറി ആയി പ്രവര്‍ത്തിക്കാം.
അടച്ചിടുന്ന രണ്ട് പഞ്ചായത്തുകളിലെയും പൊതുജനങ്ങള്‍ ഒത്തുചേരുന്ന സാഹചര്യങ്ങള്‍ കുറയ്ക്കും. സാമൂഹിക അകലം, മാസ്‌ക്ക് ധരിക്കല്‍ മുതലായ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നുമാണ് നിര്‍ദേശം.
ഏപ്രില്‍, മേയ് മാസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചവരിലാണ് ജനിത വ്യതിയാനം സംഭവിച്ച ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. ഇവരും സമ്പര്‍ക്കത്തിലുണ്ടായിരുന്നവരും പൂര്‍ണമായി രോഗവിമുക്തി നേടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിലവില്‍ ഭീതിജനകമായ അന്തരീക്ഷം ഇല്ലെങ്കിലും കൂടുതല്‍ ജാഗ്രത തുടരുന്നതിന്റെ ഭാഗമായാണ് അടച്ചിടലെന്ന് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു.