രാജ്യത്ത് 41,956 പേര്‍ക്ക് കൊവിഡ്; കഴിഞ്ഞ ദിവസത്തേക്കാള്‍ 35.6 ശതമാനത്തിന്റെ വര്‍ധന

Update: 2021-09-01 04:47 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുവെന്ന ആശങ്ക പടരുന്നു. 24 മണിക്കൂറിനുള്ളില്‍ 41,965 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 35.6 ശതമാനത്തിന്റെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുളളത്. കഴിഞ്ഞ ദിവസം 30,941 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 460 പേര്‍ മരിച്ചു. ഇന്നലെ അത് 350 പേരായിരുന്നു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്. 

കേരളമാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. 30,203 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 115 പേര്‍ മരിച്ചു.

ചൊവ്വാഴ്ച 1.30 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ആകെ 65 കോടി ഡോസ് വാക്‌സിനാണ് നല്‍കിയിട്ടുള്ളത്. ഒരു കോടി ഡോസ് വാക്‌സിന്‍ ഒരു ദിവസം കൊണ്ട് നല്‍കിയത് ആദ്യം ആഗസ്ത് 27നാണ്.

മുംബൈയില്‍ കൊവിഡ് രോഗബാധ നിലനില്‍ക്കുന്ന സമയത്തും ജനങ്ങള്‍ പൊതുഇടങ്ങളില്‍ തിങ്ങിക്കൂടുന്നതില്‍ ബോംബെ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു. രണ്ടാം തരംഗം വന്ന സമയത്തെപ്പോലെ പ്രതിസന്ധി രൂക്ഷമാവുമോയെന്നും കോടതി സംശയിക്കുന്നു.

രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ രോഗബാധ കൂടുന്നതായാണ് കാണുന്നത്. ഇത് മൂന്നാം തരംഗത്തിന്റെ സൂചനയായി കാണാമെന്നാണ് ഐസിഎംആര്‍ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. സമിറാന്‍ പാണ്ഡെയുടെ അഭിപ്രായം. സംസ്ഥാനതലത്തില്‍ കാഴ്ചപ്പാടും മാനദണ്ഡങ്ങളും നിശ്ചയിക്കുകയാണ് പ്രതിവിധിയെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച ബംഗാളിലെ ഒരു വാക്‌സിന്‍ കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും 20 പേര്‍ക്ക് പരിക്കേറ്റു. 2000ത്തോളം പേരാണ് അവിടെ തടിച്ചുകൂടിയത്.

ചില സംസ്ഥാനങ്ങളില്‍ ഇന്ന് സ്‌കൂളുകള്‍ തുറന്നിട്ടുണ്ട്. കൊവിഡ് രോഗബാധ വര്‍ധിക്കുന്ന സമയത്ത് സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ പഞ്ചാബ്, ബീഹാര്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തിസഗഢ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ ആശങ്ക വര്‍ധിപ്പിക്കുന്നു.

Similar News