സ്വര്‍ണ കടത്ത് പ്രതി അര്‍ജുന്‍ ആയങ്കിയുമായി ബന്ധം;വടകരയില്‍ സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചു, കാറും കത്തിച്ചു

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന ആരോപണം നേരിട്ടയാളാണ് ബിജു

Update: 2022-06-28 04:46 GMT
സ്വര്‍ണ കടത്ത് പ്രതി അര്‍ജുന്‍ ആയങ്കിയുമായി ബന്ധം;വടകരയില്‍ സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചു, കാറും കത്തിച്ചു

കോഴിക്കോട്:വടകര കല്ലേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദ്ദിച്ചതിനു ശേഷം കാര്‍ കത്തിച്ചു.സിപിഎം പ്രവര്‍ത്തകനായ ഒന്തമല്‍ ബിജുവിനെയാണ് വാനിലെത്തിയ ഒരു സംഘം അക്രമിച്ചത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന ആരോപണം നേരിട്ടയാളാണ് ബിജു.സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രിയാണ് സംഭവം.വാനില്‍ എത്തിയ സംഘത്തില്‍ നാല് പേര്‍ ഉണ്ടായിരുന്നു. ഇവര്‍ ബിജുവിനെ വിളിച്ചിറക്കി വീടിന് പുറത്തേക്ക് കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നും സൂചനയുണ്ട്.ബിജുവിന്റെ കാര്‍ വാടകയ്ക്ക് വേണം എന്ന് പറഞ്ഞായിരുന്നു സംഘം വിളിച്ചിറക്കിയതെന്നും പോലിസ് പറയുന്നു.പരിക്കേറ്റ ബിജു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

2021 ജൂണ്‍ 28 നാണ് അര്‍ജുന്‍ ആയങ്കിയെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 31 ന് ഇയാള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചു. സ്ഥിരം കുറ്റവാളിയായ അര്‍ജുന്‍ ആയങ്കിക്കെതിരെ അടുത്തിടെ പോലിസ് കാപ്പ ചുമത്തുകയും ചെയ്തിരുന്നു.






Tags:    

Similar News