ക്രിമിനലുകളെ കേരള പോലിസില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Update: 2024-06-12 16:35 GMT

തിരുവനന്തപുരം: ക്രിമിനലുകളെ കേരള പോലിസില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വയംതിരുത്തലിനു തയാറാകാത്ത ഉദ്യോഗസ്ഥരെ സേനയില്‍നിന്ന് പുറത്താക്കും. നീതി നടപ്പാക്കേണ്ടവര്‍ കുറ്റവാളികളായാല്‍ സേനയുടെ വിശ്വാസ്യതയെ ബാധിക്കും. പോലിസ് ഉദ്യോഗസ്ഥര്‍ ആരുമായാണ് ചങ്ങാത്തം കൂടേണ്ടതെന്ന് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

'ജനകീയ സേന എന്ന നിലയില്‍ ഭൂരിപക്ഷം ഉദ്യോഗസ്ഥരും മികച്ചവരാണ്. എന്നാല്‍ ഒരു ചെറിയ വിഭാഗം ഉദ്യോഗസ്ഥര്‍ മാറാന്‍ തയാറല്ല. മാറാന്‍ തയാറല്ലെന്ന ശാഠ്യത്തോടെയാണ് അവര്‍ നില്‍ക്കുന്നത്. അവരെ കണ്ടെത്തി പടിപടിയായി സേനയില്‍നിന്ന് ഒഴിവാക്കും. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 108 ഉദ്യോഗസ്ഥരെ സേനയില്‍നിന്ന് പുറത്താക്കേണ്ടി വന്നിട്ടുണ്ട്. നീതി നടപ്പാക്കേണ്ടവര്‍ കുറ്റവാളികളായാല്‍ അത് സേനയുടെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കും. വിശ്വാസ്യത കളങ്കപ്പെടുത്താന്‍ ഇട വരരുത്. ക്രിമിനലുകളെ കേരള പോലിസില്‍ വച്ചുപൊറുപ്പിക്കില്ല എന്ന നിലപാടു തന്നെയാണ് സര്‍ക്കാറിനുള്ളത്' മുഖ്യമന്ത്രി പറഞ്ഞു.

സേനയിലെ വനിതകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആറ് ശതമാനമായിരുന്ന വനിതാ പോലിസ് നിലവില്‍ 11 ശതമാനമാണ്. അത് 15 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അടുത്തിടെ ഗുണ്ടാനേതാവിന്റെ വിരുന്നില്‍ പോലിസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്.

Tags:    

Similar News