രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വിമര്‍ശനം: പി ജെ കുര്യനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യണമെന്ന് ടിഎന്‍ പ്രതാപന്‍
സ്ഥാനമൊഴിഞ്ഞ ശേഷം പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനങ്ങള്‍ നടത്തുന്നത് ബോധപൂര്‍വ്വം
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തില്‍ പിജെ കുര്യനെ രൂക്ഷ വിമര്‍ശിച്ച് ടിഎന്‍ പ്രതാപന്‍ എംപി. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വിമര്‍ശനമുന്നയിച്ച പി ജെ കുര്യന് എതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യണം. സ്ഥാനമൊഴിഞ്ഞ ശേഷം പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനങ്ങള്‍ നടത്തുന്നത് ബോധപൂര്‍വ്വമാണ്. ഇത്തരം പ്രവണതകള്‍ തടയാന്‍ ശക്തമായനടപടി സ്വീകരിക്കണമെന്നും ടി എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു.
'സ്ഥാനമാനം നേടിയ ശേഷം ഒരു ഘട്ടം കഴിഞ്ഞ് നേത്യത്വത്തിനെതിരെ രംഗത്ത് വരുന്നു, ഇത് അംഗീകരിക്കാന്‍ കഴിയില്ല. യോഗത്തില്‍ പി ജെ കുര്യന്‍ പങ്കെടുക്കാതിരുന്നത് ബോധപൂര്‍വ്വമാണ്'. കൂടാതെ കെ വി തോമസിനെതിരെ ശക്തമായ നടപടി വേണമെന്നും ടി എന്‍ പ്രതാപന്‍ ആവശ്യപ്പെട്ടു.
കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തില്‍ പങ്കെടുക്കാത്തിന് രാഷ്ട്രീയ കാരണങ്ങളില്ലെന്നും വിട്ടുനില്‍ക്കുന്നത് വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണെന്നായിരുന്നു പി ജെ കുര്യന്റെ വിശദീകരണം. എന്നാല്‍ നേതൃത്വവുമായുളള തര്‍ക്കം കാരണമാണ് മുല്ലപ്പളളി യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. നേരത്തെ മുല്ലപ്പള്ളി ഉയര്‍ത്തിയ പല പരാതികളും നേതൃത്വം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് വിട്ടുനില്‍ക്കുന്നതെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി നേതൃത്വത്തെ അറിച്ചിട്ടില്ല.
അതേസമയം, അംഗത്വ വിതരണമാണ് പ്രധാനമായും യോഗത്തില്‍ ചര്‍ച്ചയായത്. കോണ്‍ഗ്രസ് അംഗത്വ വിതരണം വേണ്ടത്ര രീതിയില്‍ വിജയിച്ചില്ലെന്ന വിലയിരുത്തല്‍ യോഗത്തിലുണ്ട്. കൂടാതെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും യോഗത്തില്‍ ചര്‍ച്ചയാവും.