വീണ്ടും ക്രൂരത: ഉത്തര്‍പ്രദേശില്‍ പൊതു സ്ഥലത്ത് മൂത്രമൊഴിച്ചതിന് 23കാരനെ അടിച്ചുകൊന്നു
ബഹ്റൈച്ച് : ഉത്തര്‍പ്രദേശില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന്റെ പേരില്‍ യുവാവിനെ അടിച്ചുകൊന്നു. ബഹ്റൈച്ച് ജില്ലയിലെ ഖൈരി ദികോലി ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. സുഹൈല്‍(23)ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അമ്മാവന്റെ വീട്ടിലെത്തിയ സുഹൈല്‍ വീടിന് മുന്നില്‍ മൂത്രമൊഴിക്കുകയായിരുന്നു. ഇത് കണ്ട അയല്‍വാസികളായ രാം മൂരത്, ആത്മരാം, രാംപാല്‍, സനേഹി, മഞ്ജീത് എന്നിവര്‍ ചേര്‍ന്ന് സുഹൈലിനെ മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ സുഹൈലിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
സുഹൈലിന്റെ അമ്മാവനായ ചിന്താരം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാം മൊറാത്ത്, സനേഹി, മഞ്ജിത് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.