യുപിയിലെ കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ്; വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്നും ആവശ്യം
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ മുസ്‌ലിം യുവാവ് പോലിസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ്. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് പോലിസ് കസ്റ്റഡിയിലെടുത്ത അല്‍ത്താഫ്(30) ലോക്കപ്പനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് പിതാവ് ചാന്ദ് മിയാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. എഐഐഎംഎസിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നും പിതാവ് ആവശ്യപ്പെട്ടു.
തന്റെ മകന്‍ മരിച്ച് ഒന്നര മണിക്കൂറിനു ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
ഒരു പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ കേസിലാണ് അല്‍ത്താഫിനെ കാസ്ഗഞ്ച് പോലിസ് കസ്റ്റഡിയിലെടുത്തത്. പരാതിപ്രകാരം പെണ്‍കുട്ടിക്ക് 18 വസ്സായിട്ടില്ലെങ്കിലും സ്‌കൂള്‍ രേഖകള്‍ പ്രകാരം 19 തികഞ്ഞിരുന്നു. പെണ്‍കുട്ടിയെ പിന്നീട് കാസ്ഗഞ്ച് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പോലിസ് കണ്ടെത്തി.
തങ്ങള്‍ ചെയ്ത കുറ്റകൃത്യം മറച്ചുവയ്ക്കുന്നതിനാണ് പോലിസ് പുതിയ കഥകള്‍ മെനയുന്നതെന്ന് പിതാവ് ആരോപിച്ചു. ചന്ദ് മിയാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നല്‍കിയിട്ടുണ്ട്. തന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ നിരാഹാരസമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ 9ന് ഉച്ചയ്ക്ക് 2.30ന് അല്‍ത്താഫ് ടോയ്‌ലറ്റില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലിസിന്റെ വാദം.
അല്‍ത്താഫിനെ പോലിസ് കൊന്ന് കെട്ടിത്തൂക്കിയതാണെന്ന ആരോപണവുമായി ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും നേരത്തെത്തന്നെ രംഗത്തെത്തിയിരുന്നു. അല്‍ത്താഫ് തൂങ്ങിമരിച്ചെന്ന് പറയുന്ന ടോയ്‌ലറ്റിലെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇക്കാര്യം നിഷേധിച്ചത്. പോലിസിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങള്‍.
ടോയ്‌ലറ്റിലെ രണ്ട് അടി മാത്രം ഉയരത്തിലുള്ള പൈപ്പില്‍ അഞ്ചടിയില്‍ കൂടുതല്‍ ഉയരമുള്ള ഒരാള്‍ എങ്ങനെയാണ് തുങ്ങിമരിച്ചതെന്ന് ബന്ധുക്കളും ചോദിക്കുന്നു.
പോലിസ് പറയുന്നതനുസരിച്ച് അല്‍ത്താഫ് ശുചിമുറിയില്‍ പോവണമെന്ന് ആവശ്യപ്പെട്ടു. ലോക്കപ്പിനുള്ളിലെ ശുചിമുറിയില്‍ പോലിസ് അല്‍ത്താഫിനെ കൊണ്ടുപോയി. ഏറെ സമയം കഴിഞ്ഞിട്ടും കാണാതെ വന്നതോടെയാണ് പോലിസ് പരിശോധിക്കാന്‍ പോയത്. വാതില്‍ തുറന്ന് അകത്ത് കയറി നോക്കിയപ്പോള്‍ അല്‍ത്താഫിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്റെ ജാക്കറ്റ് കുളിമുറിയിലെ പൈപ്പില്‍ കെട്ടി കഴുത്തില്‍ മുറുക്കിയാണ് ഇയാള്‍ തൂങ്ങിയതെന്ന് എസ്പി ബോത്രെ പറയുന്നു. പോലിസുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അല്‍ത്താഫ് മരണപ്പെടുകയായിരുന്നു.
സംഭവത്തില്‍ അഞ്ച് പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കാസ്ഗഞ്ച് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍, രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു ഹെഡ് ഓഫിസര്‍, ഒരു കോണ്‍സ്റ്റബിള്‍ എന്നിവരുള്‍പ്പെടെ അഞ്ച് പോലിസ് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്റ് ചെയ്തത്.
നഗ്ല സയ്യിദ് അഹ്‌റോളി സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഒളിച്ചോടിയെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചോദ്യം ചെയ്യുന്നതിനായി നവംബര്‍ 9ന് രാവിലെയാണ് അല്‍ത്താഫിനെ പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നത്.