ഗുജറാത്തിലെ പ്രമുഖ ഹോട്ടലിൽ വിളമ്പിയ സാമ്പാറിൽ ചത്ത എലി; ഒരാഴ്ചയ്ക്കിടെ മൂന്നാം സംഭവം
അഹമ്മദാബാദ്: ഐസ്‌ക്രീമില്‍ മനുഷ്യന്റെ വിരലും ചോക്ലേറ്റ് സിറപ്പില്‍ എലിക്കുഞ്ഞും പൊട്ടറ്റോ ചിപ്‌സ് പാക്കറ്റില്‍ ചത്ത തവളയും കണ്ടെത്തിയ സംഭവങ്ങളുടെ ഞെട്ടല്‍ മാറുംമുമ്പേ വീണ്ടും സമാനസംഭവം. ഗുജറാത്തിലെ ഒരു പ്രമുഖ ഹോട്ടലില്‍ വിളമ്പിയ സാമ്പാറില്‍ ചത്ത എലി. അഹമ്മദാബാദ് നികോളിലെ ദേവി ദോശ റെസ്‌റ്റോറന്റില്‍ ഉപഭോക്താവിന് നല്‍കിയ സാമ്പാറിലാണ് ചത്ത എലിയെ കണ്ടെത്തിയത്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.ഒരാഴ്ചയ്ക്കിടെ റിപോര്‍ട്ട് ചെയ്യുന്ന സമാനമായ മൂന്നാമത്തെ സംഭവമാണിത്. സാമ്പാറില്‍ എലിയെ കണ്ട ഉപഭോക്താവ് അംദവാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനെ (എഎംസി) വിവരമറിയിക്കുകയും ഇവര്‍ അറിയിച്ചതിനെതുടര്‍ന്ന് ആരോഗ്യവകുപ്പ് റെസ്‌റ്റോറന്റ് ഉടമയ്ക്ക് നോട്ടിസ് നല്‍കുകയും ചെയ്തു. ഗുരുതര ആരോഗ്യ ശുചിത്വ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടിസ്.
'അഹമ്മദാബാദ് കോര്‍പ്പറേഷന്‍ പരിസരത്തെ എല്ലാ കടക്കാരോടും അവര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ വളരെ ശ്രദ്ധാലുവായിരിക്കാന്‍ അഭ്യര്‍ഥിക്കുന്നു. അങ്ങനെ ചെയ്താല്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനാകും' എഎംസിയിലെ ഫുഡ് സേഫ്റ്റി ഓഫിസര്‍ ഭവിന്‍ ജോഷി പറഞ്ഞു.
ജൂണ്‍ 18നാണ് ഗുജറാത്തിലെ ജാംനഗറിലെ ഒരു കടയില്‍ നിന്നും വാങ്ങിയ പൊട്ടറ്റോ ചിപ്‌സിന്റെ പാക്കറ്റില്‍ ചത്ത തവളയെ കണ്ടെത്തിയത്. ഉപഭോക്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കടയിലെത്തി സാംപിള്‍ ശേഖരിച്ച ജാംനഗര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പുഷ്‌കര്‍ ധാം സൊസൈറ്റിയിലെ താമസക്കാരിയായ ജാസ്മിന്‍ പട്ടേലെന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്.
ബാലാജി വേഫേഴ്‌സ് എന്ന കമ്പനിയുടെ പൊട്ടറ്റോ ചിപ്‌സായ ക്രഞ്ചെക്‌സിന്റെ പാക്കറ്റിലാണ് ചത്ത തവളയെ കണ്ടതെന്ന് യുവതി അധികൃതരെ അറിയിച്ചു. ഇതനുസരിച്ച് ഉദ്യോഗസ്ഥര്‍ കടയില്‍ പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. തന്റെ നാല് വയസുള്ള അനന്തരവള്‍ വീടിനടുത്തുള്ള കടയില്‍ നിന്ന് 18ന് വൈകുന്നേരം വാങ്ങിയ പൊട്ടറ്റോ ചിപ്‌സ് പാക്കറ്റിലാണ് ചത്ത തവളയെ കണ്ടതെന്ന് ജാസ്മിന്‍ പട്ടേല്‍ പറഞ്ഞിരുന്നു.