പ്ലാസ്റ്റിക് കവര്‍ നൽകിയില്ല; തലയ്ക്കടിയേറ്റ ബേക്കറി ജീവനക്കാരൻ മരിച്ചു

Update: 2019-10-22 14:45 GMT
പ്ലാസ്റ്റിക് കവര്‍ നൽകിയില്ല; തലയ്ക്കടിയേറ്റ ബേക്കറി ജീവനക്കാരൻ മരിച്ചു

ന്യൂഡല്‍ഹി: പ്ലാസ്റ്റിക് കവര്‍ നല്‍കാത്തതിൽ രോഷാകുലനായ ഉപഭോക്താവിന്റെ മർദനമേറ്റ് ബേക്കറി ജീവനക്കാരൻ മരിച്ചു. 45 വയസ്സുകാരനായ മുഹമ്മദ് ഖലീല്‍ ആണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ ദയാല്‍പുരില്‍ ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. കടലാസില്‍ റസ്‍ക് പാക്കറ്റ് പൊതിഞ്ഞു നല്‍കിയതിന് മുഹമ്മദ് ഖലീലിനെ ഇഷ്‍ടിക കൊണ്ട് തലയ്‍ക്കടിക്കുകയായിരുന്നു. കേസിലെ പ്രതി ഫൈസാന്‍ (24) ഒളിവിലാണെന്നും ഇയാളെ പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായും പോലിസ് പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന ബേക്കറി ജീവനക്കാരന്‍ ഞായറാഴ്‍ചയാണ് മരിച്ചത്.

കൊലപ്പെട്ട മുഹമ്മദ് ഖലിലീന്‍റെ ബന്ധുവിന്‍റേതാണ് ബേക്കറി. ഒക്ടോബര്‍ 10ന് രാവിലെ കടയിലെത്തിയ ഫൈസാന്‍ റസ്‍ക് ആവശ്യപ്പെടുകയും ഖലീല്‍ ഇത് എടുത്ത് നല്‍കുകയും ചെയ്‍തു. എന്നാല്‍‍ റസ്‍ക് ഒരു പ്ലാസ്റ്റിക് കവറില്‍ ഇട്ടു നല്‍കാന്‍ ഫൈസാന്‍ ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍, പ്ലാസ്റ്റിക് കവര്‍ നിരോധിച്ചിരിക്കുകയാണെന്ന് അറിയിച്ച ബേക്കറി ജീവനക്കാരന്‍ റസ്‍ക് ഒരു കടലാസ് കവറിലിട്ട് നല്‍കുകയും ചെയ്‍തു. എന്നാല്‍ ഇതോടെ ഫൈസാന്‍ പ്രകോപിതനാകുകയും ബേക്കറിയിലുണ്ടായിരുന്ന റസ്‍ക് പാക്കറ്റുകള്‍ വലിച്ചെറിയുകയുമായിരുന്നെന്ന് ഈ സമയം കടയിലുണ്ടായിരുന്ന ഖലീലിന്‍റെ മകന്‍ മുഹമ്മദ് കാസിം (24) പോലിസിനോട് പറഞ്ഞു.

ഇതോടെ താനും പിതാവും കടയില്‍ നിന്ന് പുറത്തേക്കിറങ്ങിയെന്നും ഫൈസാന്‍ ഇഷ്ടിക കൊണ്ട് പിതാവിന്‍റെ തലയില്‍ അടിക്കുകയായിരുന്നെന്നുമാണ് കാസിമിന്‍റെ മൊഴി. കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പ്രതിക്കെതിരെ കേസെടുത്തതായും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായും പോലിസ് അറിയിച്ചു.

Similar News