വളര്‍ത്തുമൃഗങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി ഡല്‍ഹി കോര്‍പറേഷന്‍
രജിസ്റ്റര്‍ ചെയ്യാത്ത വളര്‍ത്തുനായയെ പൊതു സ്ഥലത്ത് കണ്ടാല്‍ അവയെ കസ്റ്റഡിയിലെടുക്കാന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന് അധികാരമുണ്ട്
ന്യൂഡല്‍ഹി:ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനു കീഴിലുള്ളവര്‍ അവരവരുടെ വളര്‍ത്തുമൃഗങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായി പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നായ്ക്കളുടെ കടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.
ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ വളര്‍ത്തു നായ്ക്കളുടെ രജിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടുള്ള നിയമമുണ്ടെങ്കിലും ആളുകള്‍ അത് അനുസരിക്കുന്നില്ലെന്ന് വെറ്ററിനറി വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നോയിഡയിലും ഗാസിയാബാദിലും മറ്റ് ഭാഗങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നായ്ക്കളുടെ കടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നായ കടി സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും വളര്‍ത്തുനായ്ക്കളെ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത വളര്‍ത്തുനായയെ പൊതു സ്ഥലത്ത് കണ്ടാല്‍ അവയെ കസ്റ്റഡിയിലെടുക്കാന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന് അധികാരമുണ്ട്. തെരുവ് നായ്ക്കളെ വളര്‍ത്തുമൃഗങ്ങളായി ദത്തെടുത്തവര്‍ക്കും രജിസ്‌ട്രേഷന്‍ ബാധകമാണെന്നും ഉത്തരവില്‍ പറയുന്നു.
രജിസ്‌ട്രേഷന് ഓണ്‍ലൈന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആന്റി റാബിസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, മൃഗത്തിന്റെ ഫോട്ടോ, റസിഡന്‍സ് പ്രൂഫ്, ഉടമയുടെ തിരിച്ചറിയല്‍ രേഖ എന്നിവ ഉള്‍പ്പെടുന്ന രേഖകളാണ് സമര്‍പ്പിക്കേണ്ടതെന്ന് അധികൃതര്‍ അറിയിച്ചു.രജിസ്‌ട്രേഷന്‍ നടത്തിയാല്‍ മാത്രമേ പേ വിഷബാധക്കെതിരെ വാക്‌സിന്‍ എടുത്ത വളര്‍ത്തു നായക്കളുടെ എണ്ണം കൃത്യമായി സൂക്ഷിക്കാന്‍ കഴിയുകയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കി.