റോഡ് കുത്തിപ്പൊളിക്കുന്നത് തടയാന്‍ ഡല്‍ഹി മുഖ്യമന്ത്രിക്ക് കഴിയുന്നില്ല: കെജ്രിവാളിനെതിരേ വിമര്‍ശനവുമായി അമരീന്ദര്‍ സിങ്
ഛണ്ഡീഗഢ്: കര്‍ഷക സമരം ചെയ്യുന്ന ഡല്‍ഹിയിലെ റോഡുകള്‍ കുഴിക്കുന്നതും ബാരിക്കേഡുകള്‍ തീര്‍ക്കുന്നതും തടയാന്‍ ഡല്‍ഹി മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്ന വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. കര്‍ഷക നിയമത്തെ വിപ്ലവകരമെന്ന് വിശേഷിപ്പിച്ച ഒരു മുഖ്യമന്ത്രിയില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനുമാവില്ലെന്ന് അമരീന്ദര്‍ പരിഹസിച്ചു.
ആം ആദ്മി പാര്‍ട്ടി ഇക്കാര്യത്തില്‍ യു ടേണ്‍ എടുത്തിരിക്കുകയാണ്. സമരം ചെയ്യുന്ന കര്‍ഷകരെ സഹായിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിക്ക് എന്തൊക്കെ ചെയ്യാമായിരുന്നു. കെജ്രിവാളിന്റെ പ്രവൃത്തി ഇപ്പോള്‍ തെളിയിക്കുന്ന കാര്യം അദ്ദേഹത്തിന്റെ അനുയായികള്‍ കര്‍ഷകര്‍ക്കൊപ്പമില്ല എന്നാണ്, പകരം അവര്‍ ബിജെപിക്കൊപ്പവും ചങ്ങാത്ത മുതലാളിമാര്‍ക്കൊപ്പവുമാണ്. നവംബറില്‍ പാസ്സാക്കിയ നിയമത്തെകുറിച്ച നോട്ടിഫിക്കേഷന്‍ നവംബറില്‍ തന്നെ ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്നത് എന്തുകൊണ്ടാണ്? കര്‍ഷക സമരത്തെ തകര്‍ക്കാന്‍ റോഡുകള്‍ കുത്തിപ്പൊളിക്കാനും ബാരിക്കേഡുകള്‍ തീര്‍ക്കാനും കേന്ദ്രത്തെ അനുവദിക്കുന്നതെന്തിനാണ്? റോഡുകള്‍ ഡല്‍ഹി സര്‍ക്കാരിന്റെയല്ലേ കേന്ദ്രത്തിന്റെ കയ്യിലില്ലല്ലോ? അമരീന്ദര്‍ ചോദിച്ചു.
സ്വന്തം വീഴ്ച മറച്ചുവയ്ക്കാനുള്ള ശ്രമമാണ് എഎപിയുടേതെന്നും അമരീന്ദര്‍ കുറ്റപ്പെടുത്തി. തീഹാര്‍ ജയിലില്‍ അയച്ച കര്‍ഷകരുടെ പേര് വിവരങ്ങള്‍ എടുക്കാന്‍ പോലും ഒരാഴ്ചയെടുത്തെന്ന വിമര്‍ശനവും അമരീന്ദര്‍ ഉയര്‍ത്തി. ജയില്‍ ഡല്‍ഹി സര്‍ക്കാരിന്റെ അധികാരപരിധിക്കുളളിലാണെന്ന കാര്യവും അദ്ദേഹം ഓര്‍മപ്പെടുത്തി.