കൊവിഡ് 19: വിദേശത്തു നിന്ന് മൃതദേഹം കൊണ്ടുവരുന്നതിനുള്ള മാര്‍ഗനിര്‍ദേശം തയ്യാറാക്കിയിട്ടുണ്ടെന്ന് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍

Update: 2020-04-28 08:07 GMT
കൊവിഡ് 19: വിദേശത്തു നിന്ന് മൃതദേഹം കൊണ്ടുവരുന്നതിനുള്ള മാര്‍ഗനിര്‍ദേശം തയ്യാറാക്കിയിട്ടുണ്ടെന്ന് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: വിദേശത്ത് മരിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

യുഎഇയില്‍ മരിച്ച പൗരനെ നാട്ടിലെത്തിക്കാന്‍ അനുമതി ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടയിലാണ് ഇക്കാര്യം കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവ് ആണ് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഹരജി പരിഗണിച്ചത്.

ഉത്തരാഖണ്ഡിലെ തെഹ്‌രിയിലെ കമലേഷ് ഭട്ട് ആണ് ഹാര്‍ട്ട് അറ്റാക്ക് വന്നതിനെ തുടര്‍ന്ന് അബുദാബിയില്‍ ഏപ്രില്‍ 17ന് മരിച്ചത്. മൃതദേഹം ഏപ്രല്‍ 27ന് ഇത്തിഹാദ് എയര്‍ സര്‍വീസില്‍ ഇന്ത്യയിലേക്കയച്ചു. പക്ഷേ, അത് ഇന്ത്യയില്‍ ഇറക്കാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ സഹോദരന്‍ വിമലേഷ് ഭട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. മൃതദേഹം ഇന്ത്യയില്‍ കൊണ്ടുവരുന്നതിന് അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം.

കമലേഷിന്റെ മൃതദേഹത്തിന്റെ അവസ്ഥ അറിയാന്‍ അബുദാബിയിലെ എംബസി വഴി അന്വേഷണം നടത്താന്‍ കേന്ദ്രം സമയം ആവശ്യപ്പെട്ടു. അതിനിടയില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ഇടപെടലിനെ തുടര്‍ന്ന് മൃതദേഹം ഇന്ത്യയിലെത്തിക്കാനായി. ഹരജിക്കാരന്റെ ആവശ്യം നിവര്‍ത്തിച്ച സാഹചര്യത്തില്‍ പരാതി പിന്‍വലിക്കാന്‍ ഹൈക്കോടതി അനുവദിച്ചു.

ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും യുഎഇയിലെ സാമൂഹികപ്രവര്‍ത്തകന്‍ റോഷന്‍ റത്തൂരിയുടെയും സഹായത്താലാണ് മൃതദേഹം ഉത്തരാഖണ്ഡില്‍ എത്തിക്കാനായത്. അവിടെ കുടുംബം അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്തിരുന്നു.

ഈ  പരാതിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ സൂചിപ്പിച്ചുകൊണ്ടുളള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചത്. ഇതുപോലുളള കേസുകളില്‍ മൃതദേഹം കൊണ്ടുവരാന്‍ ഇനി മുതല്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നും കേന്ദ്രം അറിയിച്ചു.

Tags:    

Similar News