ദേശീയപാത 744ന്റെ വികസനം; ഉന്നതതലയോഗം വിളിച്ചുചേര്‍ക്കുമെന്ന് കേന്ദ്ര മന്ത്രി

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി, സഹമന്ത്രി വി.കെ. സിംഗ്, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സെക്രട്ടറി സഞ്ജീവ് രഞ്ജന്‍, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അംഗം ആര്‍.കെ. പാണ്ഡേ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Update: 2020-03-02 12:22 GMT

കൊല്ലം: കൊല്ലം-കല്ലുംതാഴം-കൊട്ടാരക്കര-പുനലൂര്‍-തെന്മല-കോട്ടവാസല്‍ ദേശീയപാത 744ന്റെ വികസനവും ആര്യങ്കാവ്-തെന്മല-ഒറ്റക്കല്‍-പത്തടി-ചടയമംഗലം-കടമ്പാട്ടുകോണം റോഡ് പുതിയ ദേശീയപാത 744എ ആയി വികസിപ്പിക്കുന്നതും സംബന്ധിച്ച് ഉന്നതതലയോഗം വിളിച്ചുചേര്‍ക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പു നല്‍കിയതായി എന്‍ കെ. പ്രേമചന്ദ്രന്‍ എം.പി. ദേശീയപാത 744 നിലനിര്‍ത്തി പരമാവധി വികസിപ്പിക്കണമെന്നും അതോടൊപ്പം പുതിയ ദേശീയപാത 744എ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് നിവേദനം നല്‍കുകയും ഉന്നതതല ചര്‍ച്ച നടത്തുകയും ചെയ്തതിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്ക ദൂരീകരിച്ച് നിലവിലെ ദേശീയപാത 744, ദേശീയപാതയായി തന്നെ നിലനിര്‍ത്തണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. എന്‍.എച്ച് 744ന്റെ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിലുള്ള ബുദ്ധിമുട്ടും അനുബന്ധ വികസന സാധ്യതകളും പരിശോധിച്ച പഠന സംഘത്തിന്റെ ശുപാര്‍ശ പ്രകാരം പുതിയ ദേശീയപാത എന്ന ആശയം മുന്നോട്ടുവച്ചപ്പോഴാണ് നിലവിലെ ദേശീയപാതയുടെ പദവിയും വികസനവും ഉറപ്പുവരുത്തുകയും ആയത് നിലനിര്‍ത്തി പുതിയതുകൂടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്തത്.

തിരക്കേറിയ 744 ന്റെ നിലവിലെ ദേശീയപാത പദവിയും തദനുസ്സരണമായ വികസനവും അനിവാര്യമാണ്. കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ വിവിധങ്ങളായ ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് നിലവിലെ ദേശീയപാത വികസനം ഒഴിവാക്കാനാവുന്നതല്ല. അതിനാല്‍ നിലവിലെ ദേശീയപാത പരമാവധി വികസിപ്പിച്ച് ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കണം. തുടര്‍വികസന സാധ്യത ബുദ്ധിമുട്ടാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ എന്‍.എച്ച് 744 നിലനിര്‍ത്തി ആര്യങ്കാവ്-തെന്മല-ഒറ്റക്കല്‍-പത്തടി-ചടയമംഗലം-കടമ്പാട്ടുകോണം റോഡ് ദേശീയപാത 744 എ ആയി പരിഗണിച്ച് നിര്‍മ്മാണം നടത്തി വികസിപ്പിച്ച് ഗതാഗതസൗകര്യം വര്‍ദ്ധിപ്പിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി, സഹമന്ത്രി വി.കെ. സിംഗ്, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സെക്രട്ടറി സഞ്ജീവ് രഞ്ജന്‍, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അംഗം ആര്‍.കെ. പാണ്ഡേ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

Tags:    

Similar News