സത്യപ്രതിജ്ഞയില്‍ പിഴവ്; ദേവികുളം എംഎല്‍എ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജ്ജമ ചെയ്തപ്പോഴാണ് പിഴവ് ബോധ്യപ്പെട്ടതെന്നാണ് സൂചന

Update: 2021-05-26 09:12 GMT

തിരുവനന്തപുരം: സത്യപ്രതിജ്ഞയില്‍ പിഴവു വന്നതിനാല്‍ ദേവികുളം എംഎല്‍എ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. തമിഴിലാണ് രാജ സത്യപ്രതിജ്ഞ ചെയ്തിരുന്നത്. നേരത്തെ സഭയില്‍ സത്യപ്രതിജ്ഞ ചെയ്തതില്‍ പിഴവ് വന്നതിനാലാണ് വീണ്ടു സത്യപ്രതിജ്ഞ ചെയ്യേണ്ടിവരുന്നത്.

ആദ്യ സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല. നിയമവകുപ്പ് തര്‍ജ്ജമ ചെയ്തപ്പോഴാണ് പിഴവ് ബോധ്യപ്പെട്ടതെന്നാണ് സൂചന. ആദ്യ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കര്‍ പിടിഎ റഹീമിന് മുമ്പാകെ ആയിരുന്നു. ഇനി സ്പീക്കറായി തിരഞ്ഞെടുത്ത എംബി രാജേഷിന് മുമ്പാകെ ആണ് സത്യവാചകം ചൊല്ലുക.

മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ് എന്നീ നാല് ഭാഷകളിലാണ് എംഎല്‍എമാര്‍ സത്യവാചകം ചൊല്ലിയിരുന്നത്. ദൈവനാമത്തില്‍ 43 പേരും അല്ലാഹുവിന്റെ നാമത്തില്‍ 13 പേരും സഗൗരവം 80 പേരുമാണ് പ്രതിജ്ഞയെടുത്തത്.

Tags:    

Similar News