ധന്യന്‍ ജോസഫ് വിതയത്തില്‍ ജാതി മത ഭേദമെന്യേ സകലരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വിസ്മയ വ്യക്തിത്വം

Update: 2022-07-23 17:25 GMT

മാള: കാലഘട്ടത്തിന്റെ മനസാക്ഷിയായി ജാതി മത ഭേദമെന്യേ സകലരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വിസ്മയ വ്യക്തിത്വമാണ് ധന്യന്‍ ജോസഫ് വിതയത്തിലച്ചനെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. കുഴിക്കാട്ടുശ്ശേരി തീര്‍ത്ഥാടന കേന്ദ്രത്തില്‍ ധന്യന്‍ ജോസഫ് വിതയത്തില്‍ അനുസ്മരണ ദിനത്തില്‍ സമൂഹബലിയില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്.

കാലത്തിന് അതിശയമായ പ്രവര്‍ത്തന ശൈലിക്കുടമയായ വിതയത്തിലച്ചന്റെ ജീവിതമാതൃക ഏവര്‍ക്കും പാഠമാകട്ടെയെന്ന് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സഹസ്ഥാപകനും വിശുദ്ധ മറിയം ത്രേസ്യയുടെ ആത്മീയ നിയന്താവുമായ വിതയത്തിലച്ചന്റെ 157 മത് ജന്മദിനവും 58 മത് ചരമവാര്‍ഷികവും അനുസ്മരിച്ച ദിനത്തിലെ സമൂഹബലിയില്‍ വികാരി ജനറാള്‍ മോണ്‍ ജോസ് മഞ്ഞളി, പുത്തന്‍ചിറ ഫൊറോന വികാരി ഫാ. വര്‍ഗ്ഗീസ് പാത്താടന്‍, തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ജോണ്‍ കവലക്കാട്ട്, പ്രമോട്ടര്‍ ഫാ. സെബാസ്റ്റ്യന്‍ അരിക്കാട്ട്, ഫാ. ആന്റണി പുതുശ്ശേരി, ഫാ. ജോബി വിതയത്തില്‍, ഫാ. നൗജിന്‍ വിതയത്തില്‍ ഉള്‍പ്പെടെ നിരവധി വൈദികര്‍ സമൂഹബലിയില്‍ സഹകാര്‍മ്മികരായിരുന്നു.

തിരുകര്‍മ്മങ്ങള്‍ക്ക് മുന്നോടിയായി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ആനി കുര്യാക്കോസ് ഏവര്‍ക്കും സ്വാഗതമാശംസിച്ചു. തുടര്‍ന്ന് ദീപം തെളിയിച്ച് തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചു. സമൂഹബലിയെ തുടര്‍ന്നുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കു ശേഷം ശ്രാദ്ധ ഊട്ട് നടന്നു. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ വിശ്വാസികള്‍ തിരുകര്‍മ്മങ്ങളിലും ശ്രാദ്ധ ഊട്ടിലും പങ്കെടുത്തു.

Similar News