'ധീരജിനെ എസ്എഫ്‌ഐക്കാര്‍ കൊന്നത് തന്നെ'; പറഞ്ഞതില്‍ മാറ്റമില്ലെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ്
ഇടുക്കി: ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുരിക്കാശ്ശേരിയില്‍ നടത്തിയ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു. ഇക്കാര്യത്തില്‍ ഖേദപ്രകടനത്തിനില്ല. ധീരജിനെ കൊന്നത് എസ്എഫ്‌ഐക്കാര്‍ തന്നെയാണ്. കെഎസ്‌യു നേതാക്കളെ ആക്രമിക്കുന്നതിനിടെ ധീരജിന് എസ്എഫ്‌ഐക്കാരുടെ കൈയില്‍നിന്ന് അബദ്ധത്തില്‍ കുത്തുകൊള്ളുകയായിരുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. കേസ് അന്വേഷിച്ച പോലിസുദ്യോഗസ്ഥര്‍ക്കും ഇക്കാര്യം അറിയാം. പോലിസിന് ഇടതുസര്‍ക്കാര്‍ കൂച്ചുവിലങ്ങിടുക ആയിരുന്നുവെന്നും മാത്യു ആരോപിച്ചു.
തന്റെ പ്രസംഗത്തിനെതിരേ ധീരജിന്റെ കുടുംബത്തിന് വേണമെങ്കില്‍ പോലിസിനെ സമീപിക്കാം. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ധീരജിന്റെ മാതാപിതാക്കളെ സിപിഎം തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. എന്‍ജിനീയറിങ് കോളജില്‍ നടന്ന സംഭവത്തില്‍ വിശദമായ അന്വേഷണമാണ് വേണ്ടത്. കോളജില്‍ ലഹരി മരുന്നുകള്‍ എസ്എഫ്‌ഐക്കാര്‍ ഉപയോഗിച്ചെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മാത്യു മാധ്യമങ്ങളോട് വ്യക്തമാക്കി. എസ്എഫ്‌ഐ ഇടുക്കി ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണവുമായി സി പി മാത്യു നേരത്തെ രംഗത്തുവന്നിരുന്നു.