മുസ്‌ലിം സംവരണാനുപാതത്തില്‍ കുറവ് വരാതെ ഭിന്നശേഷി സംവരണം നടപ്പിലാക്കണം: ഡോ.പി നസീര്‍
നരേന്ദ്രന്‍ കമ്മീഷന്‍ വഴി 2001ല്‍ കണ്ടെത്തിയ, മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ട 7383 തസ്തികകളുടെ കാര്യത്തില്‍ പിന്നിട്ട സര്‍ക്കാരുകളില്‍ നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് നിലവിലുള്ളവയില്‍ നിന്ന് വീണ്ടും രണ്ടു ശതമാനം കൂടി നഷ്ടപ്പെടുന്ന, നീതി നിഷേധത്തിലേക്കുള്ള നിയമ നിര്‍മ്മാണത്തിനായി നീക്കം നടക്കുന്നത്.
തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് നാല് ശതമാനം സംവരണം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുമ്പോള്‍ മുസ്‌ലിം ഉദ്യോഗാര്‍ഥികള്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണ അനുപാതത്തില്‍ കുറവ് വരാതിരിക്കാന്‍ അടിയന്തിര ശ്രദ്ധവേണമെന്ന് മെക്ക സംസ്ഥാന പ്രസിഡന്റ് ഡോ. പി നസീര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഭിന്നശേഷി ഉദ്യോഗാര്‍ഥികളുടെ നാലു ശതമാനം കൂടി സംവരണം ഓപ്പണ്‍ കോട്ടയില്‍ നിന്നും നീക്കി വക്കുന്നതിലൂടെയോ സംവരണ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികളുടെ ഊഴമനുസരിച്ച് ബന്ധപ്പെട്ട വിഭാഗത്തിലെ ഭിന്നശേഷി ഉദ്യോഗാര്‍ഥികളെ പരിഗണിക്കുന്നതിലൂടെയോ മുസ്‌ലിം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ടേക്കാവുന്ന സംവരണ നഷ്ടം പരിഹരിക്കാന്‍ കഴിയും. മുസ്‌ലിം ഉദ്യോഗാര്‍ഥികളുടെ സംവരണ ഊഴമായ നിലവിലെ 26, 76, ടേണുകള്‍ ഭിന്നശേഷിക്കാര്‍ക്കായി മാറ്റിവയ്ക്കുന്നതിലൂടെ ഈ വിഭാഗത്തിന്റെ സംവരണ നഷ്ടം ഇനിയും വര്‍ദ്ധിക്കും.
ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ വഴി 2001ല്‍ കണ്ടെത്തിയ മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ട 7383 തസ്തികളുടെ കാര്യത്തില്‍ പിന്നിട്ട സര്‍ക്കാരുകളില്‍ നിന്നും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് നിലവിലുള്ളവയില്‍ നിന്ന് വീണ്ടും രണ്ടു ശതമാനം കൂടി നഷ്ടപ്പെടുന്ന, നീതി നിഷേധത്തിലേക്കുള്ള നിയമ നിര്‍മ്മാണത്തിനായി നീക്കം നടക്കുന്നത്. പിന്നാക്ക വിഭാഗത്തിന്റെ സംവരണാനുപാതം വിവരിക്കുന്ന കെ.എസ് ആന്റ് എസ്.എസ്.ആറിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ ഈ നീക്കത്തില്‍ നിന്നും സര്‍ക്കാരും പിഎസ്‌സിയും പിന്‍മാറണമെന്നും അദ്ദേഹം വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.