സംഘിവിരുദ്ധ വാര്‍ത്തയ്ക്ക് അപ്രഖ്യാപിത വിലക്ക്: ഏഷ്യാനെറ്റ് വിട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പിആര്‍ സുനില്‍ കൈരളി ന്യൂസില്‍

കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനും എതിരേ വാര്‍ത്ത നല്‍കുന്നത് സംബന്ധിച്ച് മാനേജ്‌മെന്റുമായി നിരന്തര കലഹത്തെ തുടര്‍ന്നാണ് പിആര്‍ സുനില്‍ ഏഷ്യാനെറ്റ് വിട്ടത്

Update: 2022-03-09 15:15 GMT

തിരുവനന്തപുരം: ഏഷ്യാനെറ്റ് വിട്ട ഡല്‍ഹിയിലെ മുതിര്‍ന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ പിആര്‍ സുനില്‍ കൈരളി ന്യൂസില്‍. കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനും എതിരേ വാര്‍ത്ത നല്‍കുന്നത് സംബന്ധിച്ച് മാനേജ്‌മെന്റുമായി നിരന്തര കലഹത്തെ തുടര്‍ന്നാണ് പിആര്‍ സുനില്‍ ഏഷ്യാനെറ്റ് വിട്ടത്. സുനില്‍ ഏഷ്യാനെറ്റ് വിടുന്നതായി തേജസ് ന്യൂസ് നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. 

ഏതാനും ആഴ്ചകളായി സുനില്‍ ഏഷ്യാനെറ്റില്‍ നിന്ന് വിട്ട് നില്‍കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കൈരളി ന്യൂസിന്റെ ഡല്‍ഹി ബ്യൂറോയില്‍ ജോയിന്‍ ചെയ്തത്. വാര്‍ത്തകളില്‍ സത്യസന്ധത പുലര്‍ത്താനും സംഘപരിവാറിനെതിരേ വാര്‍ത്ത റിപോര്‍ട്ട് ചെയ്യാനും സുനില്‍ ധൈര്യം കാട്ടിയിരുന്നു. പാലക്കാട് സ്വദേശിയായ സുനില്‍ നേരത്തെയും കൈരളി ചാനലില്‍ ജോലി നോക്കിയിരുന്നു.


2020ലെ ഡല്‍ഹി കലാപത്തിലെ സംഘപരിവാര്‍ ആക്രമണങ്ങളെക്കുറിച്ച് ശ്രദ്ധേയമായ വാര്‍ത്തകള്‍ പുറം ലോകത്ത് എത്തിച്ച മാധ്യമപ്രവര്‍ത്തകനാണ്. ഡല്‍ഹി കലാപവേളയില്‍ സംഘപരിവാറിന്റെ മതം ചോദിച്ചും ജാതി ചോദിച്ചുള്ള അക്രമങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ ഉള്‍പ്പെടെ ലൈവ് ചെയ്തിരുന്നു. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ റോഡിലൂടെ യാത്രചെയ്യണമെങ്കില്‍ ജയ് ശ്രീറാം വിളിക്കണമെന്നും ജയ്ശ്രീറാം വിളിക്കാത്തവര്‍ക്ക് ജീവനോടെ തിരികെ പോരാന്‍ കഴിയില്ലെന്നും അന്ന് സുനില്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

വസ്ത്രമുയര്‍ത്തി ജനനേന്ദ്രിയം തിരിച്ചറിയല്‍ രേഖയാക്കുന്നതും കലാപകാലത്തെ വാര്‍ത്തയായിരുന്നു. തന്റെ പതിനാറുകൊല്ലത്തെ ഡല്‍ഹി മാധ്യമപ്രവര്‍ത്തനകാലത്ത് ഇത്തരമൊരു ദുരനുഭവം മുന്‍പുണ്ടായിട്ടില്ലെന്നും സുനില്‍ അന്ന് വ്യക്തമാക്കിയിരുന്നു. കര്‍ഷക സമരം മോഡി സര്‍ക്കാരിന്റെ പരാജയമാണെന്നും കര്‍ഷകര്‍ക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കേണ്ടിവന്നെന്നും സുനില്‍ വ്യക്തതയോടെ വാര്‍ത്തയാക്കിയിരുന്നു.

ഏഷ്യാനെറ്റ് മാനേജ് മെന്റുമായി മോഡി വിരുദ്ധ വാര്‍ത്തകളുടെ പേരില്‍ സുനിലിന് സംഘര്‍ഷത്തിലാവേണ്ടിവന്നിരുന്നതായാണ് വിവരം. വലതുപക്ഷ നിലപാടുള്ളയാളെ ചാനല്‍ തലപ്പത്ത് പ്രതിഷ്ഠിച്ചതോടെയാണ് നയനിലപാടുകളില്‍ കൂടുതല്‍ മാറ്റം വരാന്‍ തുടങ്ങിയതെന്നാണ് വിമര്‍ശനം. ഏഷ്യാനെറ്റ് എഡിറ്ററായിരുന്ന എംജി രാധാകൃഷ്ണനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി, അപ്രധാനമായ തസ്തികയിലേക്ക് മാറ്റിയതും ഈ നിലപാട് മാറ്റത്തിന്റെ ഭാഗമായിരുന്നു എന്നാണ് വിലയിരുത്തല്‍. ചാനല്‍ മേധാവി കേന്ദ്ര മന്ത്രിയായതോടെ വലതുപക്ഷ ചായ്‌വ് കൂടുതല്‍ പ്രകടമായി തുടങ്ങി. ഏഷ്യാനെറ്റ് അതിന്റെ ലെഫ്റ്റ് ലിബറല്‍ ലൈനില്‍ നിന്ന് പതിയെ വലതുപക്ഷ സ്വഭാവത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് കാണുന്നത്. 

Tags:    

Similar News