സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി: ബിജെപിയില്‍ നിന്ന് നേതാക്കളുടെ രാജി തുടരുന്നു

Update: 2020-11-09 03:08 GMT

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയില്‍ സീറ്റ് നഷ്ടപ്പെട്ടവരുടെ രാജി തുടരുന്നു. തലസ്ഥാന നഗരത്തിലാണ് രാജിപ്രശ്‌നം കൂടുതല്‍ രൂക്ഷം.

വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി ആര്‍ ബിന്ദുവാണ് ബിജെപിയില്‍ നിന്ന് രാജിവച്ചൊഴിയുന്ന അവസാന നേതാവ്. വലിയവിള വാര്‍ഡിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയാണ് രാജി. വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ബിന്ദു പറഞ്ഞു.

ബിജെപി തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗമായിരുന്ന പള്ളിത്താനം രാധാകൃഷ്ണന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. തിരുവനന്തപുരം ജില്ലയില്‍ ബിജെപിക്കുള്ളില്‍ നടക്കുന്ന പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായിരുന്നു രാധാകൃഷ്ണന്റെ രാജി. ജില്ലാ കമ്മറ്റി അംഗത്വവും പാര്‍ട്ടി പ്രാഥമിക അംഗത്വവും രാധാകൃഷ്ണന്‍ രാജിവെച്ചു. ഇത്രയും കാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടും തന്നെ പൂര്‍ണ്ണമായി അവഗണിച്ചുവെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടിയാലോചനകള്‍ നടത്താതെ വിശ്വാസ വഞ്ചനയിലൂടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയതെന്നാണ് പ്രധാന പരാതി. മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല. സ്വതന്ത്രനായി മത്സരിക്കുന്നതിനെ പറ്റിയും ആലോചിച്ചിട്ടില്ല. എന്നാല്‍ മത്സരിക്കണമെന്നാണ് സുഹൃത്തുക്കള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദഹം പറഞ്ഞു.

ബിജെപി തിരുവനന്തപുരം ജില്ലാ മീഡിയാ കണ്‍വീനറായിരുന്ന വലിയശാല പ്രവീണും പാര്‍ട്ടി വിട്ടിരുന്നു. ഏറെക്കാലമായി ബിജെപി നേതൃത്വം ചുമതല നല്‍കാതെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. പ്രവീണ്‍ പിന്നീട് സിപിഐഎമ്മില്‍ ചേര്‍ന്നു.

Similar News