വിമത എംഎല്‍എമാരെ കണ്ടെത്താനായില്ല; രാജസ്ഥാന്‍ പോലിസ് സംഘം ഹരിയാനയില്‍ നിന്ന് വെറും കയ്യോടെ മടങ്ങി
ജയ്പൂര്‍: വിമത എംഎല്‍എ താമസിക്കുന്ന റിസോര്‍ട്ടില്‍ പരിശോധനയ്‌ക്കെത്തിയ രാജസ്ഥാന്‍ പ്രത്യേക അന്വേഷണ സംഘം എംഎല്‍എയെ കാണ്ടെത്താനാവാതെ മടങ്ങി. ഹരിയാനയിലെ മനേസറിലെ റിസോര്‍ട്ടിലാണ് വിമത എംഎല്‍എയായ ഭന്‍വര്‍ലാല്‍ ശര്‍മ താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ശബ്ദസാംപിള്‍ എടുക്കുന്നതിനും രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര മന്ത്രിക്കൊപ്പം ഗൂഢാലോചന നടത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്താനുമാണ് രാജസ്ഥാന്‍ പോലിസ് റിസോര്‍ട്ടിലെത്തിയത്.
എന്നാല്‍ ആദ്യ ഘട്ടത്തില്‍ രാജസ്ഥാന്‍ പോലിസിനെ റിസോര്‍ട്ടിലേക്ക് കടക്കാന്‍ ഹരിയാന പോലിസ് അനുവദിച്ചിരുന്നില്ല. പിന്നീട് അനുരഞ്ജന ചര്‍ച്ചയ്ക്കു ശേഷമാണ് അനുമതി ലഭിച്ചത്. പക്ഷേ, എംഎംഎയെ പോലിസിന് കണ്ടെത്താനായില്ല.
രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്നാരോപിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് എന്ന പേരില്‍ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘമാണ് വിമത എംഎല്‍എ താമസിച്ചിരുന്ന റിസോര്‍ട്ടിലെത്തിയത്.
ബന്‍വര്‍ ലാല്‍ ശര്‍മ ബിജെപി നേതാക്കളുമായി ഗൂഢാലോചന നടത്തിയെന്നാരോപിക്കുന്ന ഒരു ഓഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഇത് സര്‍ക്കാരിനെ മറിച്ചിടുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാരോപിച്ചാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ എംഎല്‍എയ്‌ക്കെതിരേ കേസെടുത്തത്. ഇതേ തുടര്‍ന്ന് സംഭവത്തില്‍ ഉള്‍പ്പെട്ടുവെന്ന് ആരോപിച്ച് ഭന്‍വര്‍ലാല്‍ ശര്‍മയെയും വിശ്വന്ദ്ര സിങ് എന്ന എംഎല്‍എയെയും കോണ്‍ഗ്രസ് പുറത്താക്കി. ഓഡിയോ കൃത്രിമമാണെന്നാണ് ഇവരുടെ നിലപാട്.
സച്ചിന്‍ പൈലറ്റ് തുടങ്ങിവച്ച പ്രതിസന്ധി രാജസ്ഥാന്‍ സര്‍ക്കാരിനെ വലയ്ക്കുകയാണ്.