
ആലപ്പുഴ: വീട്ടുജോലി ചെയ്തതിന്റെ ശമ്പളം ചോദിച്ചതിന് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു. കരുവാറ്റ സ്വദേശിനിയായ രഞ്ജിമോള്‍(37)ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കുമാരപുരം താമല്ലാക്കല്‍ മുറിയില്‍ ഗുരുകൃപ വീട്ടില്‍ ചെല്ലപ്പന്‍, മകന്‍ സൂരജ് എന്നിവര്‍ക്കെതിരേ ഹരിപ്പാട് പോലിസ് കേസെടുത്തു. ശനിയാഴ്ച രാത്രി എട്ടരയോടെ രഞ്ജിമോള്‍ ജോലിചെയ്യുന്ന ബേക്കറിയിലെത്തിയാണ് പ്രതികള്‍ ആക്രമണം നടത്തിയത്. ചെല്ലപ്പന്റെ മകളുടെ വീട്ടില്‍ രഞ്ജിമോള്‍ ഒന്നരവര്‍ഷത്തോളം ജോലിചെയ്തിരുന്നു. ഇതിന്റെ ശമ്പളമായി 76,000 രൂപ ലഭിക്കാനുണ്ടെന്നാണ് രഞ്ജിമോള്‍ പറയുന്നത്. ശമ്പളകുടിശ്ശിക കിട്ടാത്തതിനാല്‍ പോലിസില്‍ പരാതിയും നല്‍കിയിരുന്നു. പോലിസിന് പരാതി നല്‍കിയതിന് പിന്നാലെയായായിരുന്നു ആക്രമണം. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രഞ്ജിമോളെ ക്രൂരമായി ആക്രമിക്കുന്നതും അസഭ്യംപറയുന്നതും മറ്റുള്ളവര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചിട്ടും പ്രതികള്‍ പിന്മാറാതെ ആക്രമണം തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം.