ട്രംപ് ഒപ്പുവയ്ക്കുന്നത് 300 കോടി ഡോളറിന്റെ പ്രതിരോധ കരാറില്‍; വാങ്ങുന്നത് പാകിസ്താന്‍-ചൈന മുങ്ങിക്കപ്പലുകളെ നേരിടാനുള്ള ആയുധങ്ങള്‍

ഇന്ത്യ സമുദ്രത്തില്‍ ചൈന, പാകിസ്താന്‍ മുങ്ങിക്കപ്പലുകളെ ഉന്നം വയ്ക്കുന്നവയാണ് പുതിയതായി വാങ്ങുന്ന ഹെലികോപ്റ്ററുകളുടെ ദൗത്യം. ഇന്ത്യ-പാക് ബന്ധവും ഇന്ത്യ-ചൈന ബന്ധവും ഗുരുതരമായി തുടരാനുള്ള സാധ്യതയിലേക്കാണ് ഇതൊക്കെ വിരല്‍ ചൂണ്ടുന്നത്

Update: 2020-02-24 15:30 GMT

അഹമ്മദാബാദ്: ഇന്ത്യയുമായി 300 കോടി ഡോളറിന്റെ പ്രതിരോധ ഇടപാടുകളില്‍ ഒപ്പുവയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. മൊട്ടറ സ്റ്റേഡിയത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. യുഎസ്സിന്റെ മുഖ്യ പ്രതിരോധ പങ്കാളിയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

''എന്റെ രാജ്യത്തിന്റെ പ്രതിനിധി അടുത്ത ദിവസം 300 കോടി ഡോളറിന്റെ ഹെലികോപ്റ്ററുകളടക്കമുള്ള ഏറ്റവും പുതിയ ആയുധശേഖരം വിറ്റഴിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവയ്ക്കുമെന്ന് നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്.'' ട്രംപ് പറഞ്ഞു. '' ഈ ബന്ധം തുടരുകയാണെങ്കില്‍ ഈ ഗ്രഹത്തിലെ ഏറ്റവും നല്ലതും ഭയാനകവുമായ ആയുധങ്ങള്‍ അമേരിക്ക ഇന്ത്യയ്ക്ക് നല്‍കും. ലോകത്തിലെ ഏറ്റവും മികച്ച ആയുധങ്ങള്‍ നിര്‍മിക്കുന്നത് അമേരിക്കയാണ്. അതാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് കൈമാറുന്നത്''.

ലഭിച്ച വിവരമനുസരിച്ച് എംഎച്ച് 60 മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറാണ് ഒപ്പിടുന്നവയില്‍ പ്രധാനം. ഈ ഹെലികോപ്റ്റര്‍ വാങ്ങുന്നതിനുള്ള അനുമതി കാബിനറ്റ് ഇതിനകം നല്‍കിയിട്ടുണ്ട്. ലോക്ക്ഹീഡ് മറിന്‍ ഗ്രൂപ്പിന്റെ 24 എംഎച്ച് 60ആര്‍ സിഹ്വാക് മരിടൈം ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള സര്‍ക്കാറുകള്‍ തമ്മിലുള്ള കരാറാണ് മറ്റൊന്ന്. ഫോറിന്‍ മിലിറ്ററി സെയില്‍ കരാറനുസരിച്ച് ഇവ അമേരിക്കന്‍ പ്രതിരോധ വകുപ്പില്‍ നിന്ന് നേരിട്ടാണ് വാങ്ങുക. ഇതിന്റെ വില 260 കോടി ഡോളര്‍ വരും. ആഗസ്റ്റ് 2018 ല്‍ തന്നെ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇതിനുള്ള കാബിനറ്റ് അനുമതി കരസ്ഥമാക്കിയിരുന്നു. 2019 ഏപ്രിലില്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ അനുമതിയും ലഭിച്ചു.

നിലവില്‍ യുഎസ് നേവിയുടെ കൈവശമുള്ള എംഎച്ച്-60 ഹെലികോപ്റ്ററുകള്‍ ഈ രംഗത്തെ മികച്ചതായാണ് കണക്കാക്കപ്പെടുന്നത്. മുങ്ങിക്കപ്പലുകളെ ആക്രമിക്കാനുള്ള കഴിവാണ് ഇവയുടെ പ്രത്യേകത.

ഇപ്പോള്‍ ഇന്ത്യയുടെ കൈയില്‍ ബ്രിട്ടിഷ് നിര്‍മിതമായ സി കിങ് ഹെലികോപ്റ്ററുകളാണ് ഉള്ളത്. എംഎച്ച് 60 ഇതിന്റെ സ്ഥാനം കൈയടക്കും. എംഎച്ച് 60 റോമി ഹെലികോപ്റ്ററുകള്‍ കരാറൊപ്പിട്ട് 2 വര്‍ഷത്തിനകം ഇന്ത്യയ്ക്ക് നല്‍കും.

ഇന്ത്യ സമുദ്രത്തില്‍ ചൈന, പാകിസ്താന്‍ മുങ്ങിക്കപ്പലുകളെ ഉന്നം വയ്ക്കുന്നവയാണ് ഈ ഹെലികോപ്റ്ററുകളുടെ ദൗത്യം. ഇന്ത്യ-പാക് ബന്ധവും ഇന്ത്യ-ചൈന ബന്ധവും ഗുരുതരമായി തുടരാനുള്ള സാധ്യതയിലേക്കാണ് ഇതൊക്കെ വിരല്‍ ചൂണ്ടുന്നത്.  

Tags:    

Similar News