ഡോണള്‍ഡ് ട്രംപിനെ നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു

Update: 2020-09-10 03:53 GMT

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ 2021 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു. നോര്‍വയിലെ പാര്‍ലമെന്റ് അംഗമായ ക്രിസ്റ്റ്യന്‍ ടൈബ്രിംഗ്-ജെജെഡെയാണ് ട്രംപിനെ നാമനിര്‍ദേശം ചെയ്ത് രംഗത്തുവന്നത്.

ഇസ്രായേല്‍, അറബ് രാജ്യങ്ങള്‍ക്കിടയിലെ സ്പര്‍ധ ഇല്ലാതാക്കാന്‍ ശ്രമിച്ചതിനാണ് ട്രംപിനെ ശുപാര്‍ശ ചെയ്തതെന്ന് ക്രിസ്റ്റ്യന്‍ ടൈബ്രിംഗിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നാറ്റോ പാര്‍ലമെന്ററി സഭയിലാണ് നാമനിര്‍ദ്ദേശം സമര്‍പ്പിച്ചത്.

''ഇസ്രായേലും യുഎഇയും തമ്മിലുള്ള സമാധാനത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ സംഭാവനയ്ക്കാണ് ഇത്. അതുല്യമായ ഒരു നടപടിയായിരുന്നു ഇത്' ക്രിസ്റ്റ്യന്‍ ടൈബ്രിംഗ്-ജെജെഡെ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ട്രംപ് അമേരിക്കന്‍ ആഭ്യന്തര രംഗത്ത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും പത്രസമ്മേളനങ്ങളില്‍ എന്തുപറയുന്നുവെന്നതും പ്രധാനമല്ല. സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കാന്‍ അദ്ദേഹത്തിന് സാധ്യതയുണ്ടെന്നും ടൈബ്രിംഗ്-ജെജെഡെ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

ഇതാദ്യമല്ല, ട്രംപിനെ ടൈബ്രിഗ് നാമനിര്‍ദേശം ചെയ്യുന്നത്. നേരത്തെ ഉത്തര കൊറിയയുമായുള്ള നയതന്ത്ര ശ്രമങ്ങളുടെ പേരിലും ടൈബ്രിംഗ്, ട്രംപിനെ നൊബേല്‍ പുരസ്താരത്തിന് നാമനിര്‍ദേശം ചെയ്തിരുന്നു.

ഉത്തരകൊറിയയെയും സിറിയയെയും സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ പേരില്‍ തനിക്ക് സമാധാന പുരസ്‌കാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് നേരത്തെ ട്രംപും പറഞ്ഞിരുന്നു. തനിക്ക് ഈ ബഹുമതി ലഭിക്കില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു.  

Tags:    

Similar News