ഡബിള്‍ ഡമണ്ട്: വില മൂന്നര കോടി രൂപ
നെതര്‍ലാന്‍ഡിലെ ടെക്‌സല്‍ ദ്വീപില്‍ നിന്ന് ഉത്ഭവിച്ച ഈ ഇനം ആടുകള്‍ പ്രജനനത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്.
കോഴിക്കോട്: ഒരു ചെമ്മരിയാടിന് എന്തു വില വരും? പരമവധി ഒരു ഇരുപതിനായിരം രൂപയോക്കെ പ്രതീക്ഷിക്കാം.എന്നാല്‍ കഴിഞ്ഞ ദിവസം സ്‌കോട്ട്‌ലന്‍ഡില്‍ നടന്ന ലേലത്തില്‍ വിറ്റുപോയ ചെമ്മരിയാടിന്റെ വില കേട്ടാല്‍ ആരുമൊന്ന് അല്‍ഭുതപ്പെടും. 3.5 കോടി രൂപക്കാണ് ഒരു ചെമ്മരിയാട് അവിടെ ലേലത്തില്‍ പോയത്. ആദ്യമായാണ് ഒരു ആടിന് ഇത്രയും വില കിട്ടുന്നത്. ഇതോടെ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ചെമ്മരിയാടായി ഇത് മാറി.
ഡബിള്‍ ഡയമണ്ട് എന്നയിനത്തിലുള്ള പ്രത്യേക തരം ആണ്‍ ആടുകളിലൊന്നിനാണ് സ്‌കോട്ട്‌ലന്‍ഡിലെ ലാനാര്‍ക്കിലെ സ്‌കോട്ടിഷ് നാഷണല്‍ ടെക്‌സല്‍ ലേലത്തില്‍ വന്‍ തുക ലഭിച്ചത്. നെതര്‍ലാന്‍ഡിലെ ടെക്‌സല്‍ ദ്വീപില്‍ നിന്ന് ഉത്ഭവിച്ച ഈ ഇനം ആടുകള്‍ പ്രജനനത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ആടിന്റെ തല, മുടിയുടെ നിറം, കണ്ണുകള്‍ക്ക് ചുറ്റുമുള്ള നിറം, കാലുകള്‍ എന്നിവ ഏറെ ആകര്‍ഷകമാണെന്ന് പുതിയ ഉടമസ്ഥരിലൊരാളായ പ്രോക്ടേഴ്സ് ഫാമിലെ മാനേജര്‍ ജെഫ് ഐക്കണ്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞു.
70 ലക്ഷം രൂപയില്‍ തുടങ്ങിയ ലേലമാണ് മൂന്നര കോടിയില്‍ എത്തിയത്. മൂന്ന് വാങ്ങലുകാരുടെ പങ്കാളിത്തത്തോടെയാണ് അന്തിമ ലേലം നടത്തിയത്.